11-കാരിയെ പ്രണയം നടിച്ച് പലതവണ ബലാത്സംഗംചെയ്തു; 25-കാരന് 58 വര്‍ഷം കഠിന തടവ്

Share our post

നാദാപുരം (കോഴിക്കോട്): പതിനൊന്നു വയസ്സുകാരിയെ പ്രണയം നടിച്ച് ഒട്ടേറെത്തവണ ബലാത്സംഗം ചെയ്ത കേസില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25)നെ 58 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി എം. സുഹൈബ് ശിക്ഷവിധിച്ചു.

2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള പലദിവസങ്ങളിലായാണ് സംഭവം. നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പനിമുക്ക് എന്ന സ്ഥലത്തെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയും കുടുംബവും തൊട്ടടുത്ത പ്രദേശമായ പാതിരപ്പറ്റയിലെ വാടകവീട്ടിലായിരുന്നു താമസം. ഈ സമയത്ത് പ്രണയം നടിച്ച് കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്നാണ് കേസ്.

സംഭവമറിഞ്ഞ സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കയച്ചു. അവിടെനിന്ന് കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു.

ഒളിവില്‍പ്പോയ പ്രതിയെ കന്യാകുമാരിയില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തു. കുറ്റ്യാടി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവ്കുമാര്‍, ടി.പി. ഫര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!