ട്രഷർ ഹണ്ട് മോഡലിൽ എം.ഡി.എം.എ വിൽപന; രണ്ട് യുവാക്കൾ പിടിയിൽ, ലഹരിമരുന്ന് കണ്ടെടുത്തു

കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കണ്ണൂരില്‍ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് മഷൂദ്(24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആസാദ്(27) എന്നിവരാണ് പിടിയിലായത്. 207 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും എക്സൈസ് കണ്ടെടുത്തു.
എം.ഡി.എം.എ ഒളിപ്പിച്ച് വെച്ച് സ്ഥലത്തിന്റെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. തുടർന്ന്, മൊബൈൽ ഫോൺ എയർപ്ലേൻ മോഡിലാക്കുന്നതോടെ ഇവരുടെ ലൊക്കേഷൻ അധികൃതർക്ക് ലഭ്യമാകില്ലെന്ന് കരുതിയാണ് പ്രതികൾ ഈ രീതിയിൽ വിൽപന നടത്തുന്നത്. ലഹരിമരുന്ന് ഇടപാടുകാർക്ക് ലഭ്യമായതിന് ശേഷമാണ് പ്രതികൾ പണം സ്വീകരിക്കുക.
ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ,അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ. സി.ഷിബു, ആർ. പി. അബ്ദുൾ നാസർ , ടി. കെ.ഷാൻ, പി. വി. ഗണേഷ് ബാബു , സോൾ ദേവ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
ഇന്നലെ മീഡിയം ക്വാണ്ടിറ്റി ബ്രൗൺ ഷുഗറുമായി രണ്ട് പേരെ കണ്ണൂരിൽ എക്സൈസ് പിടികൂടിയിരുന്നു.കഴിഞ്ഞ ദിവസം വിധി വന്ന, കോമേഴ്‌സ്യൽ ക്വാണ്ടിറ്റി മെത്തഫിറ്റമിൻ കടത്തി കൊണ്ടുവന്ന കേസിൽ ജാമ്യം കൊടുക്കാതെ വിചാരണ ചെയ്ത് രണ്ട് പ്രതികളെ പത്ത് വർഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷ വാങ്ങി കൊടുക്കുന്നതിനും കണ്ണൂർ എക്സൈസിന് കഴിഞ്ഞിരുന്നു.
വെക്കേഷൻ സമയങ്ങളിൽ ഒഴിവു വേളകളിൽ ടൗണിൽ എത്തുന്ന കുട്ടികളെയും നിരീക്ഷിക്കുന്നതായും ലഹരി മാഫിയകളുടെ പിടിയിൽ പെടാതിരിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും തുടർന്നും ശക്തമായ നടപടികൾ തുടരുമെന്നും കണ്ണൂർ അസി. എക്സൈസ് കമ്മീഷണർ പി. എൽ.ഷിബു അറിയിച്ചു.