വീട്ടുവളപ്പിൽ കഞ്ചാവ് വളര്‍ത്തിയ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Share our post

ഇടുക്കി: വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിജയകുമാറിൻ്റെ വീട്ടുവളപ്പിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ആറ് കഞ്ചാവ് ചെടിയും ഇവരുടെ പക്കൽ നിന്നും 50 ഗ്രാം കഞ്ചാവുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികൾക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസ് അറിയിച്ചു.

പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.

വാഗമൺ ഇൻസ്പെക്ടർ എം.ജി. വിനോദ്, എസ്.ഐ.മാരായ സതീഷ്‌ കുമാർ, ബിജു, എ.എസ്.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!