കരുതിയിരിക്കണം ‘ഡിജിറ്റൽ അറസ്റ്റ് ’

തിരുവനന്തപുരം : അന്വേഷണ ഉദ്യോസ്ഥർ ചമഞ്ഞുള്ള തട്ടിപ്പുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ ‘ഡിജിറ്റൽ അറസ്റ്റു’കളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. പൊലീസുദ്യോഗസ്ഥർ, സി.ബി.ഐ, നർകോട്ടിക് വകുപ്പ്, റിസർവ് ബാങ്ക്, ഇ.ഡി എന്നിവയുടെ പേരിൽ സൈബർ കുറ്റവാളികൾ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ, കൊള്ളയടി, “ഡിജിറ്റൽ അറസ്റ്റുകൾ” എന്നിവ സംബന്ധിച്ച് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.
ഇരയാകാൻ സാധ്യതയുള്ളവരെ വിളിച്ച് നിയമവിരുദ്ധമായ ചരക്കുകൾ, മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്‌തുക്കൾ എന്നിവ ഉൾപ്പെടുന്ന ‘പാഴ്‌സൽ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെ’ന്നു പറഞ്ഞാണ് തട്ടിപ്പിന് തുടക്കം. ഇരയുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഒരു കുറ്റകൃത്യത്തിലോ അപകടത്തിലോ ഉൾപ്പെട്ടതായി പറയുകയും കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും ചെയ്യും. കേസ് ഒത്തുതീർപ്പ് ആക്കാൻ പണം ആവശ്യപ്പെടും. ചിലപ്പോൾ, ഇരകളെ “ഡിജിറ്റൽ അറസ്റ്റിന് ” വിധേയരാക്കും. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ തട്ടിപ്പുകാർ സ്കൈപ്പിലോ മറ്റ് വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിലോ അവരുമായി സംവദിക്കും. പൊലീസ് സ്‌റ്റേഷനുകളുടെയും സർക്കാർ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകൾ തട്ടിപ്പുകാർ ഉപയോഗിക്കുകയും ‘യഥാർഥ വേഷം’ ധരിക്കുകയും ചെയ്യും.
രാജ്യത്തുടനീളം നിരവധിയാളുകൾക്ക് വൻ തുകയാണ് ഇത്തരത്തിൽ നഷ്ടമായത്. അതിർത്തി കടന്നുള്ള ക്രൈം സിൻഡിക്കറ്റുകളാണ് ഈ സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററാണ് രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തിലധികം സ്കൈപ് ഐഡികൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൗരന്മാർ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
തട്ടിപ്പുകാരുടെ വിളിയെത്തിയാലുടൻ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ അറിയിക്കണം. ഹെൽപ്‌ലൈൻ നമ്പർ: 1930. ഇ-മെയിൽ: www.cybercrime.gov.in