പോലീസിനെ കാത്തിരിക്കേണ്ട, വീഡിയോ എടുത്താല്‍ മതി; അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ധൈര്യമായി മാറ്റാം

Share our post

അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പോലീസ് എത്തുന്നതുവരെ മാറ്റരുതെന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഇങ്ങനെ മാറ്റാതിരിക്കുന്നത് മറ്റ് അപകടങ്ങള്‍ക്കും കാരണമായേക്കാമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

അപകടമുണ്ടായതിനുശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് റോഡ് ചട്ടങ്ങള്‍ പരിഷ്‌കരിച്ച് 2017-ല്‍ പുറത്തിറക്കിയ ഡ്രൈവിങ് റെഗുലേഷനില്‍ കൃത്യമായി പറയുന്നുണ്ട്. അപകടത്തിലുള്‍പ്പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തമ്മിലും യാത്രക്കാരുമായും പ്രകോപനമുണ്ടാക്കുന്നരീതിയില്‍ പെരുമാറുകയോ സംസാരിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍

  • സ്വന്തം വാഹനത്തിന്റെയും ഇതരവാഹനത്തിന്റെയും രജിസ്റ്റര്‍നമ്പറടക്കമുള്ള ചിത്രങ്ങള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പകര്‍ത്താം. ഇങ്ങനെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടസ്സപ്പെടുത്തരുത്.
  • ഡ്രൈവര്‍മാര്‍ പേര്, ഫോണ്‍നമ്പര്‍, മേല്‍വിലാസം, രജിസ്‌ട്രേഷന്‍, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറണം.
  • ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താനാകുന്നില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വരുന്നതുവരെ ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്ത് തുടരണം.
  • അപകടത്തില്‍പെട്ട വാഹനത്തിലെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും, ആവശ്യമെങ്കില്‍ വൈദ്യസഹായം ഉറപ്പാക്കേണ്ടതുമാണ്. പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിക്കുകയും ചെയ്യുക.
  • സാധിക്കുമെങ്കില്‍ ഏത്രയും വേഗം വാഹനങ്ങള്‍ മാര്‍ഗതടസമുണ്ടാകാത്ത രീതിയില്‍ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണ്. ഇതിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ അവിടെ വാണിങ്ങ് ട്രയാങ്കില്‍ സ്ഥാപിക്കുകയോ, വാണിങ്ങ് ലൈറ്റുകള്‍ നല്‍കുകയോ ചെയ്യണം.
  • അപകടത്തിന് ഇരയായ വാഹനങ്ങളുടെ ഡ്രൈവറും യാത്രക്കാരും പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ പരസ്പരം സംസാരിക്കുകയും പെരുമാറുകയോ ചെയ്യാതിരിക്കുന്നതാണ് ഉചിതം.

 

ബോധ്യപ്പെടുകയേ വേണ്ടൂ

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ഏതുരീതിയിലാണ് ഉള്ളതെന്നത് പോലീസിന് ബോധ്യപ്പെടുകയേ വേണ്ടൂ. ഇതിന് വീഡിയോ മതി. തര്‍ക്കത്തിലേര്‍പ്പെടാതെ രണ്ടുകൂട്ടരും വീഡിയോ പകര്‍ത്തി പോലീസിന് കൈമാറിയാല്‍മതി.

-പി. ബിജോയ്, ജില്ലാ പോലീസ് മേധാവി, കാസര്‍കോട്

വീഡിയോ പകര്‍ത്തിയാല്‍മതി

അപകടത്തില്‍പ്പെട്ട വാഹനത്തിന്റേയോ വാഹനങ്ങളുടേയോ വീഡിയോ എടുത്തുവെക്കുക. പോലീസിനു ബോധ്യപ്പെടുന്നരീതിയില്‍ അപകടദൃശ്യം പകര്‍ത്തണം

-അഡ്വ. പി.കെ. ചന്ദ്രശേഖരന്‍, കാഞ്ഞങ്ങാട്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!