കുഞ്ഞിന് പൊള്ളലേറ്റ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരേ കേസെടുത്തു

കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ച പാല് നല്‍കിയതിനെ തുടര്‍ന്ന് സംസാരശേഷിയില്ലാത്ത അഞ്ച് വയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായി കോളോട് അങ്കവാടിയിലെ ജീവനക്കാരി വി. ഷീബയ്ക്കെതിരെയാണ് കേസെടുത്തത്.
ഐ.പി.സി 337, കേരള പോലീസ് ആക്ട് 127 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. തിളച്ച പാല് ചൂടോടെ കുട്ടിയുടെ വായില്‍ ഒഴിച്ച് നല്‍കിയെന്നാണ് ആരോപണം. പൊള്ളലേറ്റിട്ടും കുട്ടിയെ ആസ്പത്രിയിലെത്തിക്കാന്‍ അങ്കണവാടി അധികൃതര്‍ തയാറായില്ലെന്നും വീട്ടുകാര്‍ ആരോപിച്ചു.
നിലവിൽ കുട്ടി കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.