ഡ്രൈവിങ് ടെസ്‌റ്റ് : കൂടുതൽ ഗ്രൗണ്ടുകൾ സജ്ജമാക്കാൻ ഗതാഗതവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്‌ച കൂടുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ നടത്താൻ മോട്ടോർ വാഹനവകുപ്പ്. കെ.എസ്.ആർ.ടി.സിയുടെ 22 സ്ഥലം ആർടിഒമാർ പരിശോധിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ സ്ഥലങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയോ ജീവനക്കാരുടെയോ പ്രതിഷേധം അനുവദിക്കേണ്ടെന്നും തീരുമാനമായി. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടും.
ടെസ്റ്റ് നടത്തുന്നതിന് സർക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും സ്ഥലങ്ങൾ അന്വേഷിച്ചുവരികയാണ്. ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകൾ ചേർന്ന് ടെസ്റ്റ് ബഹിഷ്‌കരിച്ച് തിങ്കളാഴ്‌ച സെക്രട്ടറിയറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഭേദഗതി നിർദേശങ്ങളിൽ പലതും നടപ്പാക്കുന്നതിന് സാവകാശം അനുവദിച്ചതിനാൽ ബഹിഷ്‌കരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി സി.ഐ.ടി.യു യൂണിയൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.