കക്കയം ഇക്കോ ടൂറിസം കേന്ദ്രം തുറന്നു; ടിക്കറ്റ് നിരക്ക് കൂട്ടി

Share our post

കക്കയം: കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി.

കരിയാത്തുംപാറയിലും തോണിക്കടവിലുമെത്തുന്ന യാത്രികര്‍ വെള്ളിയാഴ്ചമുതല്‍ കക്കയം ഡാം സൈറ്റ് ചുരം കയറാന്‍ തുടങ്ങി. മേയ് ഒന്നുമുതല്‍ ഹൈഡല്‍ ടൂറിസം കേന്ദ്രം തുറന്നിരുന്നു. സഞ്ചാരികള്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുമെന്ന് വനംവകുപ്പ്-ഹൈഡല്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും വനമേഖലയോടുചേര്‍ന്ന ഉരക്കുഴി മേഖലയില്‍പ്പോലും ആവശ്യമായ ഗൈഡുമാരും വാച്ചര്‍മാരും ഇല്ലാതിരുന്നത് പരാതികള്‍ക്കിടയാക്കി.

ജനുവരി 20-ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടത്. മാര്‍ച്ച് അഞ്ചിന് കര്‍ഷകന്‍ പാലാട്ടിയില്‍ അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചതോടെ ടൂറിസം കേന്ദ്രത്തിലെ നിയന്ത്രണം കര്‍ശനമാക്കി.വേനലിന്റെ രൂക്ഷത ഡാം സൈറ്റ് മേഖലയിലെ ടൂറിസത്തെ കാര്യമായി തളര്‍ത്തിയിട്ടുണ്ട്.

വികസനപദ്ധതികള്‍ക്ക് അവഗണന

മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്ത് ടൂറിസം വികസനപദ്ധതികള്‍ താളംതെറ്റുന്നു. ഒരു വര്‍ഷംമുമ്പ് നിര്‍മാണമാരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം ഇനിയും പൂര്‍ത്തിയായിട്ടില്ല. കക്കയംവാലി ടൂറിസം പദ്ധതിക്ക് 2005-ല്‍ തുടക്കമിട്ടിരുന്നുവെങ്കിലും തുടര്‍പ്രവര്‍ത്തനമുണ്ടായില്ല. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാന്‍ നിര്‍മിച്ച തൂക്കുപാലം വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഉരക്കുഴിയിലേക്കുള്ള നടപ്പാതയിലും യാത്ര ദുഷ്‌കരം.

മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതിനാല്‍ വാക്കി ടോക്കി സംവിധാനം പ്രവര്‍ത്തനരഹിതമാണ്. വനംവകുപ്പിന് ഡാം സൈറ്റ് മേഖലയില്‍ വാഹന സൗകര്യമില്ലാത്തതും ആശങ്കകൂട്ടുന്നു.

ടിക്കറ്റ് നിരക്ക് കൂട്ടി

കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ജില്ലാ ഫോറസ്റ്റ് ഡിവലപ്‌മെന്റ് ഏജന്‍സിയുടെ തീരുമാനപ്രകാരം ടിക്കറ്റ് നിരക്ക് കൂട്ടി. മുതിര്‍ന്നവരുടെ ടിക്കറ്റ് 40 രൂപയില്‍നിന്ന് 50 ആയും കുട്ടികളുടേത് 20 രൂപയില്‍നിന്ന് 30 രൂപയായുമാണ് കൂട്ടിയത്. മലബാര്‍ വന്യ ജീവി സങ്കേത്തതിന്റെ ഭാഗമായതിനാല്‍ പത്തുരൂപ സാങ്ച്വറി ഫീസായി ഈടാക്കുന്നതിനാലാണ് ടിക്കറ്റ് 50 രൂപ നല്‍കേണ്ടിവരുന്നത്.

സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍പോലും ഒരുക്കാതെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് വി.ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി സുമിന്‍ എസ്. നെടുങ്ങാടന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!