രോഗിക്ക് തണലായി നിൽക്കുന്നവരെ മറക്കാതിരിക്കുക, ഇന്ന് ലോക നഴ്സ് ദിനം

ഇന്ന് ലോക നഴ്‌സസ് ദിനം. രോഗങ്ങളുടെ യുദ്ധമുഖത്ത് സദാ കർമനിരതരാണ് കേരളത്തിലെയും നഴ്സുമാർ. രോഗികൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന ഇവർക്കുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കൽ കൂടിയാണ് ഈ ദിനം. മരുന്നിനാലും സ്നേഹത്താലും ഭേദമാക്കാനാകാത്തത് ചിലപ്പോൾ നേഴ്‌സിൻ്റെ പരിചരണം കൊണ്ട് സുഖപ്പെടുത്താനാകും. കാരുണ്യവും കരുതലുമായാണ് ആതുരാലയങ്ങളിൽ മാലാഖമാർ വേദനകളില്‍ സാന്ത്വനമാകുന്നത്.
വൈദ്യശാസ്ത്രപരമായി മാത്രമല്ല മനശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരമായ സേവനങ്ങളുടെ തൊഴില്‍ മേഖലയാണ് നഴ്‌സിങ്. നിപ പോലുള്ള പകർച്ചവ്യാധികളിൽ അവർ തളരാറില്ല. കോവിഡ് മഹാമാരിക്ക് മുന്നിൽ മനുഷ്യകുലം ആദ്യം പകച്ചു നിന്നപ്പോൾ പതറാതെ പൊറുതിയവരിൽ നഴ്സുമാർ ആയിരുന്നു മുൻപന്തിയിൽ. ഏതൊരു മേഖലയിലുമുള്ള ചൂഷണങ്ങൾ നഴ്സിംഗ് രംഗത്തുമുണ്ട്. അപ്പോഴും സേവന മനോഭാവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതീക്ഷയാണ് നഴ്സുമാർ.