എയര്‍ ഇന്ത്യ പ്രതിസന്ധി ഒഴിയുന്നില്ല; അഞ്ച് വിമാനങ്ങള്‍ കൂടി റദ്ദാക്കി
കോഴിക്കോട്: എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടര്‍ന്നുള്ള പ്രതിസന്ധി ഇനിയും അവസാനിച്ചില്ല. ഇന്ന് കേരളത്തില്‍ നിന്നുള്ള 5 വിമാനങ്ങള്‍ കൂടി റദ്ദാക്കി. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതാണ് കാരണം.
കൊച്ചിയില്‍ നിന്നുള്ള ബഹ്‌റൈന്‍, ദമ്മാം, ഹൈദരാബാദ്, ബംഗളൂരു സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. സമരം അവസാനിച്ചെങ്കിലും ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള പ്രക്രിയയിലെ സാങ്കേതിക നടപടികളാണ് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. ഒന്നോ രണ്ടോ ദിവസം കൂടി വിമാനം റദ്ദാക്കുന്നത് തുടരുമെന്നാണു സൂചന.
കൊച്ചിയില്‍ നിന്നുള്ള ആറ് വിമാന സര്‍വീസുകള്‍ ഇന്നലെ മുടങ്ങിയിരുന്നു. ഷാര്‍ജ, ബഹ്റൈന്‍, അബുദാബി, ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാര്‍ജ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും മുടങ്ങി.
കരിപ്പൂരില്‍ നിന്നുള്ള 3 എയര്‍ ഇന്ത്യ സര്‍വീസുകളും ഇന്നലെ റദ്ദാക്കി. റാസല്‍ഖൈമ, മസ്‌ക്കറ്റ്, ബംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. അതേ സമയം തിരുവനന്തപുരത്തും കണ്ണൂരും സര്‍വീസുകള്‍ മുടങ്ങിയില്ല.