40 ഗ്രാമീണ വായനശാലകൾക്ക് ശുചിത്വ മിഷൻ വഴി ശുചിമുറികൾ

കണ്ണൂർ: കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ശുചിത്വ മിഷന്റെ ലൈബ്രറി ടോയ്ലറ്റ് പദ്ധതിപ്രകാരം ഏറ്റവും കൂടുതൽ ഗ്രന്ഥശാലകൾക്ക് ശുചിമുറി നൽകിയത് ജില്ലയിൽ. പദ്ധതി പ്രകാരം ഇതുവരെ 40 ഗ്രാമീണ ഗ്രന്ഥാലയങ്ങൾക്കാണ് ജില്ലയിൽ ശുചിമുറി നിർമിച്ചത്. രണ്ടുലക്ഷം രൂപ യൂനിറ്റ് കോസ്റ്റിൽ 1.80 ലക്ഷം രൂപ വീതമാണ് ശുചിത്വ മിഷൻ വിഹിതമായി നൽകിയത്.
ബാക്കി 20,000 രൂപ ഗ്രന്ഥശാല സംഘത്തിന്റെ ധനസഹായമാണ്. ലൈബ്രറി കൗൺസിൽ അംഗീകാരമുള്ളതും സ്വന്തമായി ഭൂമിയുള്ളതുമായ ഗ്രാമീണ ഗ്രന്ഥാലയങ്ങൾക്കാണ് ശുചിമുറി നിർമിക്കാൻ ശുചിത്വമിഷൻ സഹായം നൽകിയത്. വനിതകൾക്കും പുരുഷന്മാർക്കുമായി ഓരോ സീറ്റുകൾ ഉള്ള ശൗചാലയത്തിനാണ് രണ്ട് ലക്ഷം രൂപ കണക്കാക്കിയിരിക്കുന്നത്.
പഞ്ചായത്തു തലത്തിൽ ഗുണഭോക്തൃ സമിതി രൂപവത്കരിച്ചാണ് ഗ്രന്ഥശാല ശൗചാലയങ്ങളുടെ പ്രവൃത്തി നടത്തിയത്. ഇതിനായി അതാത് പഞ്ചായത്തുകൾ പ്രത്യേകമായി പദ്ധതിയുംവെച്ചു. ഈ പദ്ധതിയിൽ പഞ്ചായത്ത് തുക നീക്കിവെക്കേണ്ടതില്ല. ഇതുപ്രകാരം നിർമിക്കുന്ന ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്നതാണെന്ന് പഞ്ചായത്തിന് സമ്മതപത്രം നൽകിയ ഗ്രന്ഥാലയങ്ങൾക്കാണ് ശുചിത്വമിഷൻ ഫണ്ട് അനുവദിച്ചത്.
ഏറ്റവും കൂടുതൽ ശൗചാലയങ്ങൾ നിർമിച്ചത് എരമം കുറ്റൂർ, പായം, പരിയാരം പഞ്ചായത്തുകളിലാണ്. നാല് വീതം ഇവിടെ നിർമിച്ചു. മലപ്പട്ടം, മയ്യിൽ എന്നിവിടങ്ങളിൽ മൂന്നുവീതവും പടിയൂർ, മയ്യിൽ കരിവെള്ളൂർ, കല്യാശ്ശേരി, മാലൂർ, കുറുമാത്തൂർ എന്നിവിടങ്ങളിൽ രണ്ടു വീതവുമാണ് ഗ്രന്ഥശാല ശൗചാലയങ്ങൾ നിർമിച്ചത്. ചിറക്കൽ, ഏഴോം, ചെറുകുന്ന്, കോട്ടയം, മാങ്ങാട്ടിടം, മൊകേരി, ചെറുപുഴ, കുറ്റിയാട്ടൂർ, കൂടാളി എന്നീ പഞ്ചായത്തുകളിൽ ഓരോന്നു വീതവും ശുചിമുറികൾ നിർമിച്ചു.
ലൈബ്രറി കൗൺസിൽ സഹായത്തോടെയുള്ള പദ്ധതി അവസാനിച്ചെങ്കിലും പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയിലുള്ള ശുചിമുറി നിർമിക്കാൻ ധനസഹായം തുടർന്നും ലഭിക്കുന്നതാണെന്ന് ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ കെ.എം. സുനിൽകുമാർ അറിയിച്ചു. മൂന്നുലക്ഷം പദ്ധതി വിഹിതത്തിന്റെ 70 ശതമാനമാണ് ശുചിത്വ മിഷൻ നൽകുക. ബാക്കി 30 ശതമാനം തുക സംഭാവന വഴിയോ പദ്ധതി തുക വഴിയോ കണ്ടെത്താവുന്നതാണ്.