കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: വാടക വീട്ടിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ കേസെടുത്ത കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് അച്ഛന് ഷൺമുഖനെ ഉപേക്ഷിച്ച് മകന് അജിത്തും കുടുംബവും വീട്ടിൽ നിന്ന് പോയത്. കട്ടിലടക്കമുള്ള വീട്ടുസാധനങ്ങളെല്ലാം ഇവിടെനിന്ന് എടുത്തുകൊണ്ടു പോയിട്ടുണ്ട്. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സഹോദരിമാര്‍ വന്ന് അച്ഛനെ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ഇവിടെനിന്ന് പോയതെന്ന് വീട്ടുടമ പറഞ്ഞു. മാസങ്ങളായി വാടക മുടങ്ങിയിരുന്നതിനാല്‍ അജിത്തുമായി തര്‍ക്കമുണ്ടായിരുന്നെന്നും ഇയാള്‍ പ്രതികരിച്ചു.
അതേസമയം തങ്ങള്‍ വേളാങ്കണ്ണിയില്‍ പോയതാണെന്നും തിരിച്ച് വന്ന് അച്ഛനെ ഏറ്റെടുക്കുമെന്നും പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അജിത്ത് പറഞ്ഞു. ഷണ്മുഖനെ ആസ്പത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.