മാഹി അതിര്‍ത്തിയില്‍ തലയോട്ടി തകര്‍ന്ന് മൃതദേഹങ്ങള്‍; ആളെത്തേടി വലഞ്ഞ് പോലീസ്

Share our post

അഴിയൂർ: മാഹി-അഴിയൂർ അതിർത്തിയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിലും ഒരു ദുരൂഹമരണത്തിലും ഇനിയും വ്യക്തതവന്നില്ല. മാർച്ച് 26-ന് റെയിൽവേസ്റ്റേഷനിൽ നിർമാണം നടക്കുന്ന പാർക്കിങ് സ്ഥലത്ത് തമിഴ്നാട് സ്വദേശി സുധാകറിനെ (32) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിയെ കണ്ടെത്താനായില്ല.

രണ്ടാഴ്ചയ്ക്ക് ശേഷം ഏപ്രിൽ 12-ന് മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ 60 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഇതും കൊലപാതകമാണെന്ന് സംശയമുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. മറ്റൊന്ന് ജനുവരി 12-ന് കുഞ്ഞിപ്പള്ളി ടൗണിൽ അടച്ചിട്ട കടയ്ക്കുള്ളിൽനിന്ന് പുരുഷൻ്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയതാണ്. മരിച്ചയാളെ ഏതാണ്ട് തിരിച്ചറിഞ്ഞെങ്കിലും മരണകാരണം വ്യക്തമല്ല. ഇതിലും പരിശോധനാഫലത്തിന് കാത്തിരിക്കുകയാണ്. മൂന്ന് മരണങ്ങളും നടന്നത് ചോമ്പാല പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ്.

തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി സുധാകറിൻ്റെ കൊലപാതകം വടകര ഡിവൈ.എസ്.പി. കെ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ കൊലപാതകിയെന്നു സംശയിക്കുന്ന ഒരാളുടെ ചിത്രം കിട്ടിയിരുന്നു. ഇത് ആരാണെന്നു വ്യക്തമായിട്ടില്ല. എങ്കിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ മുറിവായിരുന്നു മരണകാരണം. തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം.

രണ്ടാഴ്ചയ്ക്കുശേഷം ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീയുടെ തലയിലും മുറിവുണ്ട്. ഇതോടെ രണ്ടുമരണങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയം ഉയർന്നെങ്കിലും അതില്ലെന്ന നിഗമനത്തിലാണ് പോലീസ്. സ്ത്രീയുടെ തലയിലെ മുറിവ് അത്ര ആഴത്തിലുള്ളതല്ല. ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. ഈ സ്ത്രീ ആരാണെന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മാഹി പരിസരത്ത് പലരും കണ്ടിട്ടുണ്ട്. തമിഴ് നാടോടി സ്ത്രീയാണെന്നാണ് സംശയം. ഇവർക്കൊപ്പം ഒരു പുരുഷനെയും കണ്ടവരുണ്ട്. എന്നാൽ, സംഭവത്തിനുശേഷം ഇയാളെ കണ്ടിട്ടില്ല.

കുഞ്ഞിപ്പള്ളിയിലെ കടയ്ക്കുള്ളിൽ മരിച്ചത് കൊയിലാണ്ടി സ്വദേശിയാണെന്ന വിവരം പോലീസ് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഡി.എൻ.എ. പരിശോധനാഫലം വരേണ്ടതുണ്ട്. മാഹി റെയിൽവേസ്റ്റേഷൻ പരിസരം, അഴിയൂർ, പൂഴിത്തല തുടങ്ങിയവയെല്ലാം മാഹി മദ്യംതേടി വരുന്നവരുടെ കേന്ദ്രമായി മാറുകയാണ്. കൊലപാതകങ്ങളും ദുരൂഹമരണങ്ങളും ആവർത്തിക്കുമ്പോൾ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പോലീസ് ഈ ഭാഗങ്ങളിൽ പരിശോധന കർശനമാക്കുന്നുണ്ടെന്ന് വടകര ഡി.വൈ.എസ്.പി.കെ. വിനോദ്കുമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!