വെല്ലുവിളിച്ച്‌ ലീഗ്‌,സമസ്‌ത വിരുദ്ധരുടെ പരസ്യം ‘ചന്ദ്രിക’യിൽ

Share our post

കോഴിക്കോട്‌: സമസ്‌ത വിരുദ്ധരുടെ പരസ്യം പ്രസിദ്ധീകരിച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെ വെല്ലുവളിച്ച്‌ മുസ്ലിംലീഗ്‌. സമസ്‌ത അംഗീകരിക്കാത്ത കോഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌ (സിഐസി)പരസ്യമാണ്‌ ലീഗ്‌ മുഖപത്രം ‘ചന്ദ്രിക’യിലൂടെ പ്രസിദ്ധീകരിച്ചത്‌. സി.ഐ.സിയിൽ വാഫി, വഫിയ്യ കോഴ്‌സുകൾക്ക്‌ സി.ഐ.സിയിൽ ചേരാനുള്ള പരസ്യമാണ്‌ ചന്ദ്രിക ഒന്നാംപേജിൽ കഴിഞ്ഞ ദിവസംനൽകിയത്‌.ലോകസഭാ തെരഞ്ഞെടുപ്പിൽ സമസ്‌ത മുഖപത്രം ‘സുപ്രഭാത’ത്തിൽ എൽ.ഡി.എഫിന്റെ പരസ്യം നൽകിയിരുന്നു.ഇതിൽ പ്രതിഷേധിച്ച്‌ ലീഗുകാർ സുപ്രഭാതം കത്തിക്കയുമുണ്ടായി. ഇതിന്റെ തുടർച്ചയായി പ്രകോപനം സൃഷ്‌ടിക്കാനാണ്‌ സമസ്‌ത വിരുദ്ധരായ സി.ഐ.സിയുടെ പരസ്യം ചന്ദ്രിയിലൂടെ ലീഗ്‌ നൽകിയതെന്നാണ്‌ വിലയിരുത്തൽ.

സി.ഐ.സി പ്രസിഡന്റായ പാണക്കാട്‌ സാദിഖലി തങ്ങളുടെ പേര്‌ നൽകിയാണ്‌ പരസ്യം. സി.ഐ.സിയെയും പഠനപദ്ധതിയെയും സമസ്‌ത നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. സമസ്‌ത ദേശീയ വിദ്യാഭ്യാസ സമിതി(എസ്‌എൻഇസി)രൂപീകരിച്ച്‌ പാഠ്യപദ്ധതി മുന്നോട്ട്‌പോകുകയാണ്. സി.ഐ.സി ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി അദൃശേരി പുത്തൻ ആശയങ്ങൾ നടപ്പാക്കുന്നതടക്കം നിരവധി വിമർശം സമസ്‌ത ഉന്നയിച്ചിരുന്നു.

ലീഗ്‌ ഇടപെട്ട്‌ മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും തീരുമാനങ്ങൾ നടപ്പിലായില്ല. ലീഗ്‌ പ്രസിഡന്റായ സാദിഖലി തങ്ങൾ സിഐസി പക്ഷത്ത്‌ നിലകൊണ്ട്‌ ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്നതാണ്‌ മധ്യസ്ഥ തീരുമാനങ്ങൾ അട്ടിമറിക്കപ്പെടാൻ കാരണമെന്ന്‌ സമസ്‌തയ്‌ക്ക്‌ അഭിപ്രായമുണ്ട്‌. പുതിയ അധ്യയനവർഷത്തിൽ എസ്‌എൻഇസി പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ്‌ ലീഗ്‌ പത്രത്തിൽ സി.ഐ.സി പരസ്യം നൽകിയതെന്ന വിലയിരുത്തലിലാണ്‌ സമസ്‌ത.

എന്നാൽ പരസ്യം നൽകിയതിനെതിരെ ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നില്ലെന്നാണ്‌ സമസ്‌തയുടെ നിലപാട്‌. അതേസമയം സമൂഹമാധ്യമങ്ങളിൽ ലീഗിനും ചന്ദ്രികക്കുമെതിരെ സമസ്‌ത പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!