കൊറിയർ വീട്ടിലെത്തിക്കും: സേവനം വിപുലപ്പെടുത്താൻ കെ.എസ്‌.ആർ.ടി.സി

Share our post

തിരുവനന്തപുരം: നിലവിലുള്ള ഡിപ്പോ ടു ഡിപ്പോ സംവിധാനത്തിന്‌ പുറമേ കൊറിയർ മേൽവിലാസത്തിൽ എത്തിക്കാൻ കെ.എസ്‌.ആർ.ടി.സി. ഇതിനായി പിൻകോഡ്‌ അടിസ്ഥാനത്തിൽ ഒന്നിലധികം ഫ്രാഞ്ചൈസികളെ നിയമിക്കും. കോയമ്പത്തൂർ, നാഗർകോവിൽ, തിരുപ്പുർ, മൈസൂരു, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ഫ്രാഞ്ചൈസികളെ ക്ഷണിക്കും. നിശ്ചിത തുക കെട്ടിവച്ച്‌ ഫ്രാഞ്ചൈസികൾക്ക്‌ അപേക്ഷിക്കാം.

സ്വകാര്യ കൊറിയർ കമ്പനികൾ ഈടാക്കുന്നതിനേക്കാൾ നിരക്ക്‌ കുറവായിരിക്കുമെങ്കിലും ഡിപ്പോ ടു ഡിപ്പോ സേവനത്തിന്‌ നൽകുന്ന കുറഞ്ഞ തുകയായ 30 രൂപയിൽനിന്ന്‌ അധികം നൽകണം. കവറുകൾ ട്രാക്ക്‌ ചെയ്യുന്നതിനുള്ള പ്രീമിയം സൗകര്യവും ഏർപ്പെടുത്തും. പാസ്‌പോർട്ട്‌ ഉൾപ്പെടെയുള്ള വിലപ്പിടിപ്പുള്ള രേഖകൾ അയക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. സാധാരണ നിരക്കിനേക്കാൾ നിശ്ചിത തുക ഇതിനായി അധികം നൽകേണ്ടി വരും.

തിരുവനന്തപുരം –-കാസർകോട്‌ റൂട്ടിൽ കൊറിയറുകൾ കൊണ്ടുപോകുന്നതിന്‌ രണ്ടുവാനുകളും ഏർപ്പെടുത്തും. വാൻ വാങ്ങുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഇതിൽ സ്വകാര്യ കമ്പനികൾക്കും കൊറിയർ കമ്പനികൾക്കും ആവശ്യമെങ്കിൽ ലഗേജ്‌ കൊണ്ടുപോകുന്നതിന്‌ നിശ്ചിത സ്ഥലം അനുവദിക്കും. ഇതിനായി മാസ വാടക ഈടാക്കും.

കേരളത്തിൽ എവിടെയും 16 മണിക്കൂറിനകത്ത്‌ കൊറിയർ എത്തിക്കാനുള്ള സൗകര്യം കെ.എസ്‌.ആർ.ടി.സിക്കുണ്ട്‌. തിരുവനന്തപുരം –-തൃശൂർ റൂട്ടിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ കൊറിയർ എത്തിക്കുന്നു. കഴിഞ്ഞ വർഷം ജൂണിലാണ്‌ കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ ആരംഭിച്ചത്‌. 47 ഡിപ്പോകളിലുള്ള സൗകര്യം മറ്റുഡിപ്പോകളിലേക്കും വ്യാപിക്കും. ഇതോടെ നിലവിലെ പ്രതിദിനവരുമാനമായ 1.70 ലക്ഷം രൂപ നാലിരട്ടിയാക്കി ഉയർത്താനാകുമെന്നാണ്‌ പ്രതീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!