കോഴിക്കോട്: കഴിഞ്ഞ ഡിസംബറിൽ അമ്മ തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ വിവരം അറിയാൻ വൈകിയത് വാർത്തയായിരുന്നു. കുഞ്ഞിനെ നിക്ഷേപിച്ചത് വൈകിയാണ് അധികൃതർ അറിഞ്ഞത്. വാതിലുകളുടെ സെൻസർ തകരാറായതിനാൽ അലാറം മുഴങ്ങാതിരുന്നതാണ് കാരണം.
കോട്ടയം ജില്ലാ ആസ്പത്രിയിൽ തൊട്ടിൽ മുറിക്കുപുറത്തെടുത്തുവെച്ചാണ് പിന്നീട് പ്രശ്നം പരിഹരിച്ചത്. സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സംരക്ഷണത്തിന് ജില്ലകൾ തോറും അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 14 കുഞ്ഞുങ്ങളെ ഇങ്ങനെ ലഭിച്ചു.
അമ്മത്തൊട്ടിലുകൾ സജീവമല്ലാതാവുന്നു എന്ന പരാതിയുണ്ട്. സംസ്ഥാനത്തൊട്ടാകെ ശിശുക്ഷേമ സമിതിക്ക് കീഴിൽ 13 അമ്മത്തൊട്ടിലുകളുണ്ട്. പലതും അറ്റുകുറ്റ പണികളിലാണ്. കോഴിക്കോട് മാത്രമാണ് ഈ സംവിധാനം ഇല്ലാതിരുന്നത്. തിരുവനന്തപുരം തൈക്കാട് ആസ്പത്രിയിൽ രണ്ട് ഡോക്ർമാരും എട്ട് നഴ്സും 76 കെയർ ടേക്കർമാരുമായുള്ള സംവിധാനം ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായുണ്ട്.
മാറ്റിസ്ഥാപിക്കാവുന്ന ഹൈടെക് അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ ശിശുക്ഷേമസമിതി കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നു. ഇവയുടെ പ്രത്യേകത തിരുവനന്തപുരം ശിശുക്ഷേമസമിതി ആസ്ഥാനത്തിരുന്ന് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കഴിയും എന്നതായിരുന്നു. ഏത് അമ്മത്തൊട്ടിലില്‍ കുട്ടിയെത്തിയാലും വാട്‌സാപ്പിലും മെയിലിലും വിവരം മുഖ്യ ഓഫീസിൽ ലഭിക്കും.
കുഞ്ഞിന് ഉടനടി സംരക്ഷണം ഉറപ്പാക്കാം എന്നതാണ് പ്രത്യേകത.കോഴിക്കോട് ആധുനിക അമ്മത്തൊട്ടിൽ ഇനിയും നിർമ്മാണ ഘട്ടത്തിലാണ്. കൊച്ചിയിൽ എറണാകുളം ജനറൽ ആസ്പത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിലും ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും അറ്റകുറ്റ പണികളിലാണ്. ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും അമ്മ തൊട്ടിൽ സംവിധാനം ഏർപ്പെടുത്തിയിരുന്നതാണ്.
2002 ലാണ് കേരളത്തിൽ അമ്മത്തൊട്ടിലുകൾ തുറന്നത്. തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14-നാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ കിട്ടിയത് 750 നവജാതശിശുക്കളെയാണ്. ഇവയിൽ 599 എണ്ണവും തിരുവനന്തപുരത്തായിരുന്നു. 2024 ഏപ്രിൽ 26 ന് ആറു മാസം പ്രായമായ ഒരു കുഞ്ഞിനെ ഇവിടെ ലഭിച്ചു.
ആധുനിക സമൂഹത്തിന് അനിവാര്യമായ ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം എന്ന അഭിപ്രായമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും പുറത്തെറിഞ്ഞ നവജാത ശിശു മരിച്ച സംഭവം ഉണ്ടായി അടുത്ത ദിവസം തന്നെ ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുട്ടി പ്രസവിച്ചതും റിപ്പോർട്ട് ചെയ്യപ്പെട്ടു.