എ.ഐ ക്യാമറയെക്കാള്‍ ഹൈടെക്; 243 എ.എന്‍.പി.ആര്‍ ക്യാമറയിലൂടെ വാഹനങ്ങള്‍ സദാ പോലീസ് റഡാറില്‍

Share our post

മോഷ്ടിച്ച വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും കുറ്റകൃത്യം നടത്തി വാഹനങ്ങളില്‍ മുങ്ങുന്നവരും ഇനി എളുപ്പം കുടുങ്ങും. പോലീസ് സ്ഥാപിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ ക്യാമറകളില്‍ (എ.എന്‍.പി.ആര്‍. ക്യാമറ) നിന്നുള്ള വിവരങ്ങള്‍ മോണിറ്ററിങ് കേന്ദ്രത്തില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) മാര്‍ക്ക് ഇനി നേരിട്ട് ലഭിക്കും.

എ.എന്‍.പി.ആര്‍. ക്യാമറകളെ പോലീസിന്റെ ക്രൈം ആന്‍ഡ് ക്രിമിനല്‍ നെറ്റ്വര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെടുത്തുന്നതോടെയാകും ഇത് സാധ്യമാവുക. എസ്.എച്ച്.ഒ.മാര്‍ക്ക് വാഹന നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേരിട്ട് ലഭിക്കുന്നതോടെ കുറ്റാന്വേഷണം വേഗത്തിലാക്കാനും വാഹനമോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നത് വേഗത്തിലാക്കാനും സാധിക്കും.

വിവരങ്ങള്‍ ഏകീകൃത കേന്ദ്രത്തില്‍ നിന്ന്

കേരളത്തിലെ വിവിധ ജില്ലാ അതിര്‍ത്തികളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും മൂന്നുവര്‍ഷം മുമ്പ് കേരളാ പോലീസ് എ.എന്‍.പി.ആര്‍. ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലാണ് ലഭിക്കുന്നത്. എല്ലാ ജില്ലകളില്‍നിന്നുള്ള വിവരങ്ങളും ദൃശ്യങ്ങളും സംയോജിപ്പിക്കുന്നത് പോലീസ് ആസ്ഥാനത്തെ കേന്ദ്രത്തിലാണ്.

നിലവിലെ സംവിധാനത്തില്‍ വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലാ പോലീസ് വഴി കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെടണം. ഇത് മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ വിവരം പെട്ടെന്ന് ലഭിക്കാന്‍ തടസ്സമായിരുന്നു.

കേന്ദ്രീകൃത നിരീക്ഷണ സംവിധാനം നവീകരിക്കുകയും പോലീസ് വകുപ്പിന്റെ വിവിധ ആപ്ലിക്കേഷനുകളായ സി.സി.ടി.എന്‍.എസ്., ഐകോപ്‌സ്, ജി.ഐ.എസ്. ക്രൈംമാപ്പിങ് എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതോടെ എസ്.എച്ച്.ഒ. മാര്‍ക്ക് തന്നെ സംസ്ഥാനത്തെ ഏത് ക്യാമറയില്‍ നിന്നും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് ലഭിക്കും. കൂടാതെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് വാട്സാപ്പ്, എസ്.എം.എസ്. സന്ദേശങ്ങളായി ലഭ്യമാക്കുന്നതും പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ ക്യാമറകള്‍ക്ക് അനുമതി

നിലവില്‍ കേരളാ പോലീസിന് 103 കേന്ദ്രങ്ങളിലായി 243 എ.എന്‍.പി.ആര്‍. ക്യാമറകളാണുള്ളത്. തിരുവനന്തപുരം റൂറല്‍, എറണാകുളം റൂറല്‍ ജില്ലകളില്‍ 15 കേന്ദ്രങ്ങളിലായി 32 ക്യാമറകള്‍ സജ്ജീകരിക്കുന്നുമുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ വളരെ കുറഞ്ഞ ക്യാമറകള്‍ മാത്രമേയുള്ളൂ. ഇവിടങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!