സൂര്യാഘാതം വീട്ടിലുമെത്താം, വയോജനങ്ങൾക്ക് വേണം കൂടുതൽ കരുതൽ

കണ്ണൂർ: കഠിനമായ ചൂടും ഉഷ്ണതരംഗവും വയോജനങ്ങൾ ഏറെയുള്ള കേരളത്തിന് വലിയ വെല്ലുവിളിയാകുന്നു. കത്തുന്ന വെയിലത്ത് ഇറങ്ങുന്നത് സൂര്യാഘാതത്തിന് ഇടയാക്കാം. കൂടാതെ, മുറിയിൽ ഒതുങ്ങിക്കൂടുന്ന ആരോഗ്യപ്രശ്നങ്ങളുള്ള വയോജനങ്ങൾക്കും സൂര്യാഘാതസാധ്യതയുണ്ട്. പ്രത്യേകിച്ചും അമിതരക്തസമ്മർദത്തിനുള്ള ചില മരുന്ന് കഴിക്കുന്നവരിൽ. ഇത് തിരിച്ചറിയപ്പെടാതെ പോവും.
വീട്ടിൽമാത്രം ഒതുങ്ങിക്കഴിയുന്ന 1.91 ലക്ഷം വയോജനങ്ങൾ സംസ്ഥാനത്തുണ്ട്. അതിൽ ഭൂരിഭാഗവും അമിതരക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവരുമാണ്.
താപബഹിർഗമനം തകരാറിലാവുന്നതാണ് പ്രശ്നകാരണം. അന്തരീക്ഷ താപനില കൂടുതലായതിനാൽ ശരീരത്തിലെ ചൂടും കൂടും. എന്നാൽ, വയോധികരിൽ പലർക്കും ശരീരത്തിൽനിന്ന് ചൂട് പുറത്തുപോവാത്ത അവസ്ഥവരാം. പല കാരണങ്ങൾകൊണ്ട് വിയർപ്പ് കുറയാം. മിക്കയാളുകളും ആവശ്യത്തിന് വെള്ളം കുടിക്കില്ല.
പലരും അമിതരക്തസമ്മർദത്തിനുള്ള ബീറ്റ ബ്ലോക്കർ, കാത്സ്യം ചാനൽബ്ലോക്കർ വിഭാഗം മരുന്ന് കഴിക്കുന്നവരായിരിക്കും.
“ഇത്തരം മരുന്ന് കഴിക്കുന്നവരിൽ വിയർപ്പ് കുറയും. അതിനാൽ, ശരീരത്തിന് സ്വയം തണുപ്പിക്കാനാവില്ല. വിയർപ്പില്ലാത്തതിനാൽ ചൂടിന്റെ പ്രശ്നമാണെന്ന് തിരിച്ചറിയുകയുമില്ല. സാധാരണ സൂര്യാഘാതം വന്നവർ വിയർത്തുകുളിച്ചിരിക്കും. എന്നാൽ, വയോജനങ്ങളിലെ ഇത്തരം സംഭവങ്ങളിൽ ചർമം വരണ്ടിരിക്കും. ചുളിഞ്ഞിരിക്കും. മൂത്രത്തിന്റെ അളവ് കുറയും. അസാധാരണ പെരുമാറ്റം കാണിക്കാം. ബോധക്ഷയം വരാം.
മൂത്രം കൂടുതൽ ഉത്പാദിപ്പിക്കുന്ന ഡയൂററ്റിക്സ് മരുന്നുകൾ കഴിക്കുന്നവരിലും, പാർക്കിൻസൻസ് രോഗം, സി.ഒ.പി.ഡി. മുതലായവയ്ക്കുള്ള ആന്റി കോളിനർജിക് വിഭാഗം മരുന്ന് കഴിക്കുന്നവരിലും സമാനമായ പ്രശ്നം വരാം.
വീട്ടിൽ ഒതുങ്ങുന്ന വയോധികർക്ക് കഠിനമായ ചൂടുകാലത്ത് നല്ല പരിചരണം നൽകണം. ധാരാളം വെള്ളം കുടിപ്പിക്കണം. ഡോക്ടറെക്കണ്ട് കഴിക്കുന്ന മരുന്നിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം.” -ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പദ്മകുമാർ പറഞ്ഞു.
സൂര്യാഘാതം സംശയിച്ചാൽ
ഉടൻ ശുശ്രൂഷ നൽകി ശരീരം തണുപ്പിക്കണം. തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കാം. ഫാൻ, എ.സി. തുടങ്ങിയവയുടെ സഹായത്താൽ തണുപ്പിക്കാം. വെള്ളം കുടിപ്പിക്കാം. കക്ഷത്തിലും തുടയിടുക്കിലും ഐസ് പാക്ക് വെക്കുന്നത് ഗുണം ചെയ്യും. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടെങ്കിലോ വൈദ്യസഹായം ഉറപ്പുവരുത്തുക.