ശൈലജക്കും ആര്യക്കും നേരെ സൈബർ ആക്രമണം; മറയില്ലാതെ സ്‌ത്രീവിരുദ്ധത

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ.കെ. ശൈലജക്ക് നേരെയുണ്ടായ അശ്ലീല പ്രചാരണത്തിനു പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുനേരെ നടക്കുന്ന സൈബർ ആക്രമണത്തിന് കൂട്ടുപിടിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്ങും അശ്ലീല ആംഗ്യ പ്രയോഗവും ചോദ്യം ചെയ്ത മേയർ ആര്യയാണ് തെറ്റുകാരിയെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഏതാനും മാധ്യമങ്ങളാണ് പ്രശ്നം വഴിതിരിച്ചുവിട്ടത്. പ്രതിപക്ഷവും സൈബർ സേനയും അത് ഏറ്റെടുത്തു. ഇതോടെ മേയറും കുടുംബവും അതിക്രൂരമായ സൈബർ ആക്രമണത്തിനാണ് വിധേയരാകുന്നത്.
സമാനമായ സംഭവങ്ങളിൽ പ്രതിയാവുകയും ക്രിമിനൽ പശ്ചാത്തലമടക്കം ആരോപിക്കപ്പെടുന്ന താൽക്കാലിക ഡ്രൈവറെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന ശാഠ്യത്തോടെ ഇറങ്ങിയ മാധ്യമങ്ങൾ സ്‌ത്രീയെന്ന പരിഗണനപോലും മേയർക്ക് നൽകുന്നില്ല. സമാനമായ എല്ലാ സംഭവങ്ങളിലും ബസ് തടഞ്ഞവരെയും ചോദ്യം ചെയ്തവരെയും വീരാങ്കനകളാക്കിയവരാണ് മാധ്യമങ്ങൾ. ഈ സംഭവത്തിൽ ഡ്രൈവറെ മഹത്വവൽക്കരിക്കുമ്പോൾ ഇയാളുടെ നാട്ടിലെ പശ്ചാത്തലമോ, ചരിത്രമോ അന്വേഷിച്ച് വെളിപ്പെടുത്താൻ തയ്യാറല്ല.
ശനിയാഴ്‌ച പട്ടം പ്ലാമൂട് വച്ച് മേയറും കുടുംബവും സഞ്ചരിച്ച കാറിന്റെ ഇടതുവശത്ത് സൂപ്പർഫാസ്‌റ്റ് ഇടിക്കാൻ വന്നതോടെയാണ് ആര്യയും സഹോദര ഭാര്യയും പിന്നിലേക്ക് തിരിഞ്ഞുനോക്കിയത്. ഈ സമയത്താണ് ഡ്രൈവർ യദു കൃഷ്ണൻ അശ്ലീല ആംഗ്യം കാണിച്ചത്. അശ്ലീല പ്രയോഗം ചോദ്യം ചെയ്തപ്പോഴും തിരിച്ച് കയർക്കുകയാണ് ഡ്രൈവർ ചെയ്തത്. എന്നാൽ, തെറ്റും ഗൗരവവും മനസ്സിലാക്കിയ ഡ്രൈവർ അന്ന് രാത്രി തന്നെ മേയറോട് ഫോണിൽ വിളിച്ച് മാപ്പ് അപേക്ഷിക്കുന്നുമുണ്ട്.
അതേസമയം, ചിലരുടെ ഇടപെടലിനെ തുടർന്ന് പിറ്റേന്നുമുതൽ സംഭവം മേയർക്കെതിരെ തിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഡ്രൈവർ യദുവിനെ ചില മാധ്യമ പ്രവർത്തകരും എം.എൽ.എ.യും ബി.ജെ.പി നേതാക്കളും വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ‘ട്വിസ്‌റ്റ്’ ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ രാഷ്‌ട്രീയ നിറം നോക്കി പ്രതികരിച്ചാൽ മതിയെന്ന അപകടരമായ അവസ്ഥയാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്.