കേരളത്തിലെ ആദ്യ പ്രൈവറ്റ് ട്രെയിനിൻ്റെ കന്നിയാത്ര ജൂൺ നാലിന് 

Share our post

സ്വകാര്യ ട്രെയിന്‍ സംവിധാനം കേരളത്തിലേക്കും. ജൂണ്‍ നാലിന് ട്രെയിനിന്റെ കന്നി സര്‍വീസും പ്രഖ്യാപിച്ച് കഴിഞ്ഞു. മുഖ്യമായും വിനോദസഞ്ചാരികൾക്ക് വേണ്ടിയാണ് സ്വകാര്യ ട്രെയിന്‍ അവതരിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍സ് ആണ് ടൂര്‍ സര്‍വീസിന് പിന്നില്‍ പ്രവര്‍ത്തിക്കുക. ചെന്നൈ ആസ്ഥാനമായ എസ്.ആര്‍.എം.പി.ആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രിന്‍സി ട്രാവല്‍സ് ടൂര്‍ പാക്കേജ് ഒരുക്കുന്നത്. ഒരേസമയം 750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ രണ്ട് സ്ലീപ്പര്‍ ക്ലാസ്, 11 തേര്‍ഡ് എ.സി, രണ്ട് സെക്കന്‍ഡ് എ.സി കംപാര്‍ട്ടുമെന്റ് സൗകര്യങ്ങള്‍ ഉണ്ടാകും. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പാക്കേജിന്റെ ഭാഗമായി ട്രെയിനിലുണ്ടാകും.

തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ആദ്യ യാത്ര ഗോവയിലേക്കാണ്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് കയറാന്‍ കഴിയും. എന്നാല്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ.

ഇതിന് പുറമേ മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. സി.സി.ടി.വി, ജി.പി.എസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്ലറ്റുകള്‍ എന്നിവ ട്രെയിനിന്റെ പ്രത്യേകതകളാണ്.

ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് സെക്കന്‍ഡ് എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. തേഡ് എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന അയോദ്ധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്. അയോദ്ധ്യ, വാരാണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഒരുക്കുന്നത്. മുംബൈ യാത്രയ്ക്ക് 18,825, 16,920 15,050 രൂപ വീതമാണ് നിരക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!