അക്കൗണ്ടിൽനിന്ന്‌ നഷ്‌ടമായ തുക ബാങ്ക്‌ നൽകണമെന്ന്‌ വിധി

Share our post

മലപ്പുറം : അക്കൗണ്ടിൽനിന്ന്‌ പണം നഷ്‌ടമായ കേസിൽ നഷ്‌ടപ്പെട്ട തുകയും നഷ്‌ടപരിഹാരവും കോടതിച്ചെലവും ബാങ്ക്‌ നൽകണമെന്ന്‌ ജില്ലാ ഉപഭോക്തൃ കമീഷന്റെ വിധി. ഇസാഫ് ബാങ്കിനെതിരെ വെട്ടിക്കാട്ടിരിയിലെ എലംകുളവൻ ഉസ്മാന്റെ പരാതിയിലാണ്‌ ജില്ലാ ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടത്‌. 4.07 ലക്ഷം രൂപയാണ്‌ ഉസ്‌മാന്റെ അക്കൗണ്ടിൽനിന്ന്‌ നഷ്‌ടമായത്‌. ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടൻ വിവരമറിയിച്ചിട്ടും തിരിച്ചുനൽകാൻ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നൽകാൻ കമീഷൻ വിധിച്ചത്.

റിസർവ് ബാങ്കിന്റെ മാർഗനിർദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതിൽ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.

 

കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ഒടിപി ആവശ്യപ്പെട്ട്‌ ബാങ്കിൽനിന്നാണെന്ന് അവകാശപ്പെട്ട്‌ ഒരാൾ പരാതിക്കാരനെ വിളിക്കുകയായിരുന്നു. ഇയാൾക്ക്‌ ഒടിപി നൽകി. പിറ്റേന്ന് ബാങ്കിലെത്തിയപ്പോഴാണ് വിളിച്ചത് ബാങ്കിൽനിന്നല്ലെന്നും അക്കൗണ്ടിൽനിന്ന് 4,07,053 രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയത്‌. എന്നാൽ, തുക തിരിച്ചുപിടിക്കാൻ ബാങ്ക് നടപടിയെടുത്തില്ലെന്ന് കാണിച്ച്‌ പരാതിക്കാരൻ ഉപഭോക്തൃ കമീഷനെ സമീപിച്ചു. ഒടിപി നൽകിയതിനാലാണ്‌ പണം നഷ്ടപ്പെട്ടതെന്നും തങ്ങൾ ഉത്തരവാദികളല്ലെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വാദം. ഇത്‌ കമീഷൻ അംഗീകരിച്ചില്ല.

 നഷ്ടപ്പെട്ട തുകയ്ക്കുപുറമെ 50,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതിച്ചെലവായും ഒരുമാസത്തിനകം നൽകണമെന്ന്‌ കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷൻ ഉത്തരവിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!