ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും, സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ; ബഹിഷ്കരണവുമായി മുന്നോട്ട്

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്.
നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സി.ഐടിയു വ്യക്തമാക്കി. മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമായിരിക്കും സമരം. ഡ്രൈവിങ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി.
മെയ് രണ്ട് മുതല്‍ ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയുവിന്‍റെയും മറ്റു തൊഴിലാളി സംഘടനകളുടെയും നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി തൊഴിലാളി സംഘടനകൾ മുന്നോട്ട് പോവുകയാണ്.