12 വർഷം മുൻപ് കാണാതായ മൂക്കുത്തി വീട്ടമ്മയുടെ ശ്വാസകോശത്തിൽ

Share our post

കൊല്ലം : വീട്ടമ്മയുടെ കാണാതായ മൂക്കുത്തിയുടെ ഭാഗം 12 വർഷങ്ങൾക്ക് ശേഷം ഡോക്ടർമാർ കണ്ടെത്തി. ശ്വാസകോശത്തിൽ കുരുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൂക്കുത്തിയുടെ പിൻഭാഗത്തെ തിരി. അസ്വസ്ഥതയുമായി ചികിത്സ തേടിയ വീട്ടമ്മയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ശ്വാസകോശത്തിൽ എന്തോ തറച്ചിരിക്കുന്നതായി സംശയം തോന്നിയത്.

വിദഗ്ദ്ധ പരിശോധനയിൽ അന്യവസ്തു എന്തോ തറച്ചിരിക്കുന്നതായി ഉറപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ തന്നെ ഇത് പുറത്തെടുത്തു. മൂക്കുത്തിയുടെ ചങ്കിരി എന്നറിയപ്പെടുന്ന തിരിയുള്ള പിൻഭാഗമാണ് ഇതെന്ന് മനസിലാക്കി.

12 വർഷം മുൻപാണ് വീട്ടമ്മയ്ക്ക് ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാന ഭാഗം വീട്ടിൽനിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയിരുന്നില്ല എന്ന് അവർ ഓർത്തെടുത്തു.

കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിച്ചു. ‘റിജിഡ് ബ്രോങ്കോസ്‌കോപി’ എന്ന സംവിധാനത്തിലൂടെ ഇത്‌ പുറത്തെടുക്കുകയായിരുന്നു.

ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് നിഗമനം. നേരത്തെ തന്നെ ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്ന് ആസ്ത്‌മയ്ക്ക് ചികിത്സ തേടിയിരുന്നു. പക്ഷെ പിന്നീട് ബുദ്ധിമുട്ടുകൾ വർധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!