ആറുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തവും 90,000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: ആറു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷയും 90,000 രൂപ പിഴയും. തിരുവനന്തപും അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അച്ഛന്‍ എന്ന വിശ്വാസത്തിന് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2023 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ അമ്മ ഗള്‍ഫില്‍ ജോലിചെയ്യുന്നതിനാല്‍ കുട്ടി പ്രതിയുടെ വീട്ടിലും അമ്മൂമ്മയുടെ വീട്ടിലുമായിട്ടായിരുന്നു താമസം. അച്ഛനോടൊപ്പം വീട്ടില്‍ താമസിക്കാന്‍നിന്ന ദിവസങ്ങളിലാണ് കുട്ടി പീഡനത്തിന് ഇരയായത്.
സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് കുട്ടി അമ്മൂമ്മയോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുകളുണ്ടെന്ന് തിരിച്ചറിയുന്നത്. ഡോക്ടറോടാണ് അച്ഛന്‍ തന്നെ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതിപ്പെട്ടു. അച്ഛന്‍ മദ്യപിച്ച് വീട്ടില്‍ വരുമ്പോള്‍ മോശമായി പെരുമാറാറുണ്ടെന്ന് കുട്ടിയുടെ 15 വയസ്സുള്ള സഹോദരിയും മൊഴി നല്‍കിയിരുന്നു.