പിണറായി പെരുമ മെയ് എട്ട് മുതൽ 21 വരെ; നാടകോത്സവം, മെഗാഷോ

തലശേരി : പിണറായി പെരുമ സർഗോത്സവം മെയ് എട്ട് മുതൽ 21 വരെ പിണറായി കൺവെൻഷൻ സെന്ററിലും, സമീപമുള്ള പ്രത്യേകം സജ്ജമാക്കിയ വേദിയിലും നടക്കും. എട്ട് മുതൽ 14 വരെ നാടകോത്സവം, കവിയരങ്ങ്, സെമിനാറുകൾ എന്നിവയും 15 മുതൽ 21 വരെ സംഗീതജ്ഞൻ അംജദ് അലി ഖാൻ മുതൽ പുതിയ തലമുറയുടെ ഹരമായ ഗൗരി ലക്ഷ്മി വരെയുള്ള സെലിബ്രിറ്റികളുടെ മ്യൂസിക് ഫ്യൂഷൻ, നൃത്തവിരുന്ന്, സംഗീതനിശ തുടങ്ങിയ കലാ വൈവിധ്യങ്ങളും അരങ്ങിലെത്തും.
കവിയരങ്ങിൽ മുരുകൻ കാട്ടാക്കട, ആലങ്കോട് ലീലാകൃഷ്ണൻ, രാവുണ്ണി, എം.ആർ. രേണുകുമാർ തുടങ്ങിയവർ പങ്കെടുക്കും.
നാടകോത്സവത്തിൽ മണികർണ്ണിക, രണ്ടുദിവസം, ശാന്തം, ചന്ദ്രികാ വസന്തം, പണ്ട് രണ്ട് കൂട്ടുകാരികൾ, ജീവിതം സാക്ഷി, ചില്ലറ സമരം എന്നീ നാടകങ്ങൾ അരങ്ങേറും. നാടകോത്സവം, കവിയരങ്ങ്, സെമിനാർ എന്നിവ പിണറായി കൺവെൻഷൻ സെന്ററിൽ ആണ് നടക്കുക.
രൂപ രേവതിയുടെ വയലിൻ ഫ്യൂഷൻ, ആര്യ !കെദയാലിന്റെ മ്യൂസിക് ബാൻഡ്, ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ഫ്യൂഷൻ, അംജത് അലിഖാന്റെ സരോജ്, ട്രയോ, സൂരജ് സന്തോഷിന്റെ ലൈവ്, റീമാ കല്ലിങ്കലിന്റെ നെയ്ത്ത് ഡാൻസ്, സൂര്യ കൃഷ്ണ മൂർത്തിയുടെ അഗ്നി -3 നാടകം, അൻവർ സാദത്തിന്റെ ഗാനമേള എന്നിവയും അവതരിപ്പിക്കും.
ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തിയുടെ പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി ഭാരവാഹികളുടെ യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.