നിമിഷപ്രിയയുടെ മോചനം : ആദ്യം വേണ്ടത് 33.37 ലക്ഷം

കൊച്ചി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ധനശേഖരണത്തിനൊരുങ്ങി ആക്‌ഷൻ കൗൺസിൽ. തുടക്കത്തിൽ 40,000 ഡോളറെങ്കിലും (33.37 ലക്ഷം) വേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ. തുക ആക്‌ഷൻ കൗൺസിലിന്റെ അക്കൗണ്ടിലാണ് കാണിക്കേണ്ടത്.
പണം കണ്ടെത്താൻ ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ’ എന്ന പേരിൽ പാലക്കാട് എസ്‌ബിഐയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 00000040847370877 എന്നതാണ് അക്കൗണ്ട് നമ്പർ. ഐ.എഫ്.എസ്.സി കോഡ് SBIN0000893.
അമ്മ പ്രേമകുമാരി ജയിലിലെത്തി മകളെ കണ്ടശേഷം സനയിൽത്തന്നെ തുടരുകയാണ്. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്. കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയെന്ന യമനി പൗരന്റെ കുടുംബത്തെയോ ഗോത്രത്തലവന്മാരെയോ കാണാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദിയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമം.