അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മറുഭാഗം കണ്ടിട്ടുണ്ടോ? അപൂര്‍വ ട്രക്കിങ് അവസരവുമായി വനം വകുപ്പ്

Share our post

നൂറുകണക്കിന് വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പുഴയുടെ മറുകരയില്‍ നിന്ന് ആസ്വദിക്കാനുള്ള അവസരം ലഭിച്ചാല്‍ എങ്ങനെയിരിക്കും. ആനക്കല്ല് ജംഗിള്‍ സഫാരിയിലൂടെ ഇത് സാധിക്കും. അതിരപ്പിള്ളി വനാന്തര്‍ഭാഗത്തുകൂടിയുള്ള യാത്രയില്‍ ആന, മ്ലാവ്, മാന്‍, കാട്ടുപന്നി, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും മലമുഴക്കി വേഴാമ്പല്‍, കോഴിവേഴാമ്പല്‍ തുടങ്ങിയ നിരവധി ഇനം പക്ഷികളെയും സസ്യലതാദികളും കാണാനാകും.

യാത്ര ആനക്കല്ല് മേഖലയില്‍ എത്തുമ്പോള്‍ മരത്തിനു മുകളിലെ ഏറുമാടത്തിലിരുന്ന് കുറച്ചുസമയം വിശ്രമിച്ച് ലഘുഭക്ഷണവും കഴിച്ച് തിരികെപ്പോരുന്ന തരത്തിലാണ് വനംവകുപ്പ് കാനനയാത്ര തയ്യാറാക്കിയിരിക്കുന്നത്. വാഴച്ചാല്‍ വനം ഡിവിഷനിലെ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് ആനക്കല്ല് ജംഗിള്‍സഫാരിയെന്ന കാനനയാത്ര നടത്തുന്നത്.

എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷന്‍ മേഖലയില്‍ അതിരപ്പള്ളി ഡിവിഷനില്‍ പതിനഞ്ചാംബ്ലോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ സഫാരി ഏകദേശം നാലുമണിക്കൂറോളം ദൈര്‍ഘ്യമേറിയ ജീപ്പ് യാത്രയാണ്. കുന്നുകളും ചെറിയ തോടുകളും കടന്ന് വന്യമൃഗങ്ങളെയും കണ്ട് ആനക്കല്ല് ഫോറസ്റ്റ് സ്റ്റേഷന്‍ ക്യാമ്പിലെത്തി ഏറുമാടത്തില്‍ക്കയറി വിശ്രമിച്ച് തിരികെപ്പോരും.ഈ യാത്രയ്ക്ക് ആറുപേര്‍ അടങ്ങുന്ന സംഘത്തിന് ലഘുഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെ പതിനായിരം രൂപയാണ് ഫീസ്. ഒറ്റയ്ക്ക് പോകാനാണെങ്കില്‍ ഒരാള്‍ക്ക് 2,500 രൂപയും. കാടിനെയും കാട്ടുമൃഗങ്ങളെപ്പറ്റിയും നന്നായി അറിയുന്ന വനപാലകരോ വാച്ചര്‍മാരോ യാത്രയില്‍ ഉള്ളതിനാല്‍ അപകടഭീതി വേണ്ടെന്ന് വനപാലകര്‍ പറയുന്നു. യാത്രയ്ക്ക് ബന്ധപ്പെടേണ്ട ഫോണ്‍: 8547601991


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!