നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

പാലക്കാട് : വിമാനത്താവളത്തിൽ പോയി തിരിച്ച് വരുന്നതിനിടെ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് കൊടൈക്കനാൽ സ്വദേശി മരിച്ചു. വാഹനം ഓടിച്ചിരുന്ന തങ്കമുത്തു(55) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ചൊവ്വാഴ്ച രാവിലെ ആറിനാണ് അപകടമുണ്ടായത്.
കോയമ്പത്തൂർ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിൽ തട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ യാത്രക്കാരാണ് അപകടം അറിയുന്നത്. ഉടനെ വാഹനത്തിൽ ഉള്ള രണ്ടുപേരെ പുറത്തെത്തിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു.
മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി തിരിച്ചുവരുന്നതിനിടെയാണ് അപകടം. തങ്കമുത്തുവിന്റെ ഭാര്യ സുമതി, മകൻ ആകാശ്, സഹോദരി സെമന്തകം എന്നിവരാണ് ആസ്പത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.