കോഴിക്കോട്ട് ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ്(33) നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റുചെയ്തത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൊലനടന്ന സമയത്ത് സംഭവസ്ഥലത്തുകൂടി സ്‌കൂട്ടറില്‍പോകുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ടെത്തിയ ആളെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിയിരുന്നു. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പണിക്കര്‍റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്ത് കൊല്ലപ്പെട്ടത്. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് ബൂട്ട് സ്‌പെയ്സില്‍ രക്തംപുരണ്ട കൊടുവാള്‍വെച്ച് ഒരാള്‍ അതിവേഗത്തില്‍ പോകുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.
ശ്രീകാന്തിന്റെ മൃതദേഹത്തില്‍ ചെറുതും വലുതുമായ 15 വെട്ടുകളുണ്ടായിരുന്നു. കൊലയാളി തന്റെ പക തീരുംവരെ തുടരെ വെട്ടുകയും മരണമുറപ്പാക്കിയശേഷം സ്ഥലത്തു നിന്ന് കടന്നുകളഞ്ഞെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം. അതിനാല്‍, മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലയാകാനാണ് സാധ്യതയെന്നും പെട്ടെന്നുള്ള പ്രകോപനത്തില്‍ കൃത്യംചെയ്തതാകാന്‍ സാധ്യതയില്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കൊലയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചയാള്‍തന്നെയാണ് ഇയാളുടെ കാറും കത്തിച്ചതെന്ന സംശയത്തിലാണ് പോലീസ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ശ്രീകാന്തിന്റെ നേരത്തേയുള്ള പരാതിയില്‍ ആരാണ് കാര്‍ കത്തിച്ചതെന്നോ സംശയമുള്ളവരുടെ പേരോ പറഞ്ഞിരുന്നില്ല. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷ്, വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.