മനുഷ‍്യ–വന‍്യജീവി സംഘർഷം; 13 ദ്രുതപ്രതികരണ സേനകൂടി

Share our post

മനുഷ‍്യ–വന‍്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനത്ത് പുതുതായി 13 ദ്രുതപ്രതികരണ സേന (റാപ്പിഡ് റെസ്പോൺസ് ടീം)കൂടി രൂപീകരിക്കണമെന്ന വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. വാഹനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര‍്യത്തോടെ പുതിയ ആർ.ആർ.ടി രൂപീകരിക്കാൻ 38.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കോന്നി, ആലപ്പുഴ സിറ്റി, എരുമേലി, മറയൂർ, മാങ്കുളം, കോതമംഗലം, പരിയാരം, പട്ടിക്കാട്, കൊല്ലങ്കോട്, കരുവാരക്കുണ്ട്, പേര‍്യ എന്നിവിടങ്ങളിലാണ് പുതിയ ആർ.ആർ.ടി രൂപീകരിക്കുക.

പേപ്പാറ, അഞ്ചൽ, റാന്നി, മൂന്നാർ, മലയാറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, അട്ടപ്പാടി, നിലമ്പൂർ നോർത്ത്, കോഴിക്കോട്, കൽപ്പറ്റ, ആറളം, കാസർകോട്‌, പീരുമേട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ആർ.ആർ.ടി നിലവിലുണ്ട്‌.

ആർ.ആർ.ടി.കളുടെ പ്രവർത്തനത്തിനായി നിലവിലുള്ള 21 സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികകൾ ഡെപ‍്യൂട്ടി റെയ്‌ഞ്ച് ഓഫീസർ തസ്തികകളായും 75 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികകളായും ഉയർത്തും. 21 ഡ്രൈവർ തസ്തികകളും 21 പാർട്ട് ടൈം സ്വീപ്പർ തസ്തികകളും പുതുതായി സൃഷ്ടിക്കും.

നിലവിലെ 15 ആർ.ആർ.ടി.കളിൽ ഒമ്പതെണ്ണത്തിനേ വാഹനങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര‍്യങ്ങളുള്ളൂ. ബാക്കി ആറിലും പുതുതായി ആരംഭിക്കുന്ന 13നും ഇവ ഒരുക്കേണ്ടതുണ്ട്. എല്ലാ സൗകര‍്യങ്ങളോടും കൂടിയ ഒരു ആർ.ആർ.ടി സജ്ജമാക്കാൻ മൂന്നുകോടി രൂപയാണ് ചെലവ്. ഒരു ഡെപ‍്യൂട്ടി റെയ്ഞ്ച് ഓഫീസർ, മൂന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാർ, എട്ട്‌ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, നാല് വാച്ചർമാർ, ഒന്നുവീതം ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർമാരാണ് ഒരു ആർആർടിയിലുണ്ടാവുക. ആദിവാസി വിഭാഗത്തിൽനിന്ന്‌ നിയമിച്ച 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സേവനവും പ്രയോജനപ്പെടുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!