ഹയർ സെക്കൻഡറി; നടപ്പായ സ്ഥലം മാറ്റങ്ങൾക്ക് കെ.എ.ടി ഉത്തരവ് ബാധകമല്ല

കൊച്ചി : സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റപ്പ്പ ട്ടിക റദ്ദാക്കി കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെ.എ.ടി) പുറപ്പെടുവിച്ച ഉത്തരവ്, നിലവിൽ നടപ്പായ സ്ഥലം മാറ്റങ്ങൾക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ മൂന്നുവരെ കെഎടി ഉത്തരവ് ബാധകമാകില്ലെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കെ.എ.ടി ഉത്തരവിനെതിരെ ആലപ്പുഴ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ജി.വി. പ്രീതി നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് വി.ജി. അരുൺ, ജസ്‌റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2024 ഫെബ്രുവരി 12നാണ് സർക്കാർ സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഇതിനെതിരെ നൽകിയ ഹർജിയിൽ സ്ഥലംമാറ്റം കെ.എ.ടി സ്‌റ്റേ ചെയ്‌തു. ഇതിനെതിരെ സർക്കാരും അധ്യാപകരും ഹൈക്കോടതിയെ സമീപിച്ചു. കെ.എ.ടി ഉത്തരവിലെ സ്ഥലംമാറ്റ പട്ടികയിൽ മാറ്റംവരുത്തണമെന്ന നിർദേശം ഭേദഗതി ചെയ്യണമെന്ന് കെ.എ.ടി.യോട് ഡിവിഷൻ ബെഞ്ച് വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ച് ഇടക്കാല ഉത്തരവ് പരിഷ്കരിക്കുകയോ സർക്കാരടക്കമുള്ള കക്ഷികളുടെ വാദം കേട്ടശേഷം ഉടൻ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യണമെന്നും നിർദേശിച്ചിരുന്നു. പിന്നീട് ഹർജി പരിഗണിച്ച കെ.എ.ടി ഹോം സ്‌റ്റേഷൻ, അദേഴ്സ് വിഭാഗങ്ങളിലെ സ്ഥലംമാറ്റ പട്ടികകൾ റദ്ദാക്കി. ഒരുമാസത്തിനകം പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കാൻ ട്രിബ്യൂണൽ അന്തിമ ഉത്തരവിട്ടു.
മാതൃജില്ലക്ക് പുറത്തുള്ള സർവീസ് സീനിയോറിറ്റി, മാതൃജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രമേ പരിഗണിക്കാവൂ എന്നാണ് സർക്കാരിന്റെ മാനദണ്ഡം. എന്നാൽ, ഈ സീനിയോറിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവുംകൂടി പരിഗണിച്ചാണ് കെ.എ.ടി ഉത്തരവിട്ടത്. സ്ഥലംമാറ്റപട്ടിക റദ്ദാക്കിയ നടപടി തടയണമെന്നും നിലവിലെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസയച്ചു.