പിറന്നാൾ ദിനത്തിൽ വാഹനാപകടത്തിൽ മരിച്ച അഭിഷേകിന് നാടിന്റെ അന്ത്യാഞ്ജലി

പേരാവൂർ: പിറന്നാൾ ദിവസം പുതുവസ്ത്രം വാങ്ങി വരവെ വാഹനാപകടത്തിൽ പൊലിഞ്ഞ മണത്തണയിലെ നഴ്‌സിങ്ങ് വിദ്യാർഥി ഡി.ജെ. അഭിഷേകിന് നാടിന്റെ അന്ത്യാഞ്ജലി. ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിലായിരുന്ന അഭിഷേകിന് രാത്രി പതിനൊന്നോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ മണത്തണ വളയങ്ങാട്ടെ തറവാട്ട് വീട്ടിലെത്തിച്ച മൃതദേഹം കാണാൻ നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. കണ്ണൂർ കൊയിലി കോളേജ് ഓഫ് നഴ്‌സിങ്ങിലെ ബി.എസ്.സി മൂന്നാം സെമസ്റ്റർ വിദ്യാർഥിയായ അഭിഷേക് മാങ്ങാട്ടുപറമ്പിലെ ബന്ധുവീട്ടിൽ നിന്നാണ് ക്ലാസിന് പോകുന്നത്. ഇരുപതാം ജന്മദിനം കൂട്ടുകാർക്കൊപ്പം ആഘോഷിക്കാനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.
പേരാവൂരിൽ നിന്ന് പുതുവസ്ത്രങ്ങളും വാങ്ങി തിരിച്ച് വീട്ടിലേക്ക് പോകും വഴിയാണ് ആഘോഷങ്ങൾക്കൊരുങ്ങിയ വീട്ടുകാരേയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി അഭിഷേക് മടക്കമില്ലാത്ത യാത്രക്ക് പോയത്. അഭിഷേകിന്റെ അച്ഛൻ തറവാട് വീടിന്റെ സമീപത്തായി പുതുതായി പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചൽ മെയ് 17ന് നിശ്ചയിച്ചിരിക്കുകയായിരുന്നു. ആഘോഷങ്ങൾക്കൊന്നും കാത്തുനില്ക്കാനാവാതെയാണ് ജന്മദിനത്തിൽ അഭിഷേക് മരണത്തിന് കീഴടങ്ങിയത്.
കൊയിലി കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ.ജോസ് ലിൻ മരിയറ്റിന്റെ നേതൃത്വത്തിൽ ഇരുപതോളം അധ്യാപകരും നൂറോളം വിദ്യാർഥികളും അഭിഷേകിന് അന്ത്യയാത്ര നല്കാനെത്തിയിരുന്നു. മണത്തണ, കൊട്ടംചുരം, വളയങ്ങാട് ദേശങ്ങളിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളും സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷികളായി.