സുരക്ഷയുമായി ബന്ധപ്പെട്ട് തുടരെ തുടരെ പ്രതിക്കൂട്ടിലാകുകയാണ് വാട്സ്ആപ്പ്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ നമ്മുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇത്തവണ വാട്സ് ആപ്പ് തിരഞ്ഞെടുപ്പാണെന്ന വിലയിരുത്തലുകള്‍ നടക്കുമ്പോഴാണ് വ്യാജ വാര്‍ത്തകളുടെ പേരിലും അത് കൈകാര്യം ചെയ്യുന്ന കാര്യത്തിലും വാട്സാപ്പ് പ്രതിക്കൂട്ടിലാകുന്നത്.
ഫെയ്‌സ്ബുക്കും യൂട്യൂബും പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുപ്പ് കാലത്ത് സുരക്ഷാ പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് വലിയ നിശബ്ദത പാലിക്കുന്നതായാണ് ആരോപണം. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ മോസില്ലയാണ് മൂന്ന് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
വ്യാപകമായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങളില്‍ പുതിയ ലേബലുകള്‍ ചേര്‍ക്കാന്‍ മോസില്ല നിര്‍ദ്ദേശിക്കുന്നു. നിലവിലെ ‘FORWARDED MULTIPLE TIMES’ എന്ന ലേബലിന് ചിലപ്പോള്‍ പ്രതികൂല ഫലമാണുണ്ടാകുക. പലരും കണ്ട് ഫോര്‍വേഡ് ചെയ്തവ ശരിയായിരിക്കാം എന്ന തോന്നലാണ് ആ ലേബല്‍ ഉണ്ടാക്കുക. പകരം Highly forwarded: please verify എന്ന ലേബലാണ് മോസില്ല നിര്‍ദേശിക്കുന്നത്.
ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളും കമ്മ്യൂണിറ്റി ഫീച്ചറുകളുംഒരു വലിയ സര്‍ക്കിളില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്നുണ്ട്. ഇത് തെറ്റായ വിവരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇതിന് നിയന്ത്രണം കൊണ്ടുവരണമെന്നാണ് മോസില്ലയുടെ ആവശ്യം. വന്‍ തോതില്‍ മെസേജുകള്‍ ഒരേ സമയം അയക്കാവുന്ന വാട്സ് ആപ്പ് ബ്രോഡ്കാസ്റ്റ് അമ്പത് മെസേജുകളിലേക്ക് ചുരുക്കണമെന്നും ദിവസം രണ്ടു തവണ മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് മറ്റൊരു നിര്‍ദേശം. കമ്മ്യൂണിറ്റി ഫീച്ചര്‍ ഡിസേബിള്‍ ചെയ്യണമെന്നാണ് മറ്റൊരു വലിയ നിര്‍ദേശം.
എളുപ്പത്തില്‍ മെസേജ് ഫോര്‍വേഡ് ചെയ്യുന്ന നിലവിലെ സംവിധാനം പരിഷ്‌കരിച്ച് അതില്‍ ഒരു പുതിയ ഘട്ടം കൂടി കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്. പങ്കിടുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്.
അയക്കുന്നയാള്‍ക്കും കിട്ടുന്നയാള്‍ക്കും മാത്രം സന്ദേശം കാണാനാവുമെന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വലിയ ചര്‍ച്ചയായിരുന്നു. സന്ദേശങ്ങളുടെ അതീവ സ്വകാര്യതയായിരുന്നു വിഷയം. നിലവിലെ സാഹചര്യത്തില്‍ മെസ്സേജുകളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിനെതിരെ വിവിധ സര്‍ക്കാരുകള്‍ ഏറെ നാളായി രംഗത്തുണ്ടെങ്കിലും വാട്സ്ആപ്പ് വഴങ്ങിയിട്ടില്ല. എന്‍ക്രിപ്ഷന്‍ ഇല്ലാതാക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അടുത്തിടെ അവര്‍ കോടതിയെ അറിയിച്ചത് ഇതുമായി ചേര്‍ത്തുവായിക്കണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകളില്‍ ഫേസ്ബുക്കും വാട്ട്‌സ്ആപ്പും തമ്മിലുള്ള കാര്യമായ വ്യത്യാസം ഗവേഷണങ്ങളിലൂടെ തുറന്നുകാട്ടുകയാണ് മോസില്ല. കോടിക്കണക്കിന് ആളുകള്‍ WhatsApp-നെ ആശ്രയിക്കുന്നതിനാല്‍, തിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായ വിവരങ്ങളാണ് പങ്കുവെക്കപ്പെടുന്നതെന്ന് ഉറപ്പാക്കുന്നത് നിര്‍ണായകമാണ്. ഈ ആശങ്കകളെ അഭിസംബോധന ചെയ്യുന്നത് കൃത്രിമത്വം തടയാനും സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യ പ്രക്രിയയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും മോസില്ല ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.