ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് ആരും വര്‍ഗീയതക്ക് ശ്രമിക്കേണ്ട; ജോസഫ് പാംപ്ലാനി

കണ്ണൂർ: ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വർഗീയതയ്ക്ക് ആരും ശ്രമിക്കേണ്ടെന്ന് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വർഗീയതയുടെ വിഷം ചീറ്റാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ചെമ്പേരിയിൽ നടന്ന കെ.സി.വൈ.എമ്മിന്റെ യുവജന സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം.
കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വയം പ്രഖ്യാപിത സംരക്ഷകരാകാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. നിങ്ങൾ ആത്മാഭിമാനമുള്ള മക്കളാണെന്നും തലശ്ശേരിയിലെ ഒരു പെൺകുട്ടിയെപ്പോലും ആർക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ യുവജനങ്ങൾ പ്രബുദ്ധരാണ്. നമ്മുടെ പെൺമക്കളുടെ പേരുപറഞ്ഞ് വർഗീയ ശക്തികൾ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെൺകുട്ടിയെ സംരക്ഷിക്കാൻ നമ്മുടെ സമുദായത്തിന് അറിയാമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.