കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

മട്ടന്നൂർ : തെരുവുവിളക്കുകൾ കത്താതായതോടെ ചാവശ്ശേരി ടൗൺ ഇരുട്ടിലായി. നിരവധി വിളക്കുകളുള്ള ടൗണിൽ ഒന്നുപോലും കത്തുന്നില്ല. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ചാവശ്ശേരി ടൗണിലും പരിസരങ്ങളിലും സോളാർ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. പിന്നീട് പലപ്പോഴായി തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയി.
ഒരുമാസം മുൻപാണ് ചാവശ്ശേരി ബസ് ഷെൽട്ടറിന് സമീപത്തെ തെരുവുവിളക്കിന്റെ ബാറ്ററിയും മോഷ്ടിച്ചത്. ബാറ്ററികൾ കൊണ്ടുപോകുന്നവർക്കെതിരേ പരാതിപ്പെടാനോ നിയമനടപടി സ്വീകരിക്കാനോ അധികൃതരും തയ്യാറാകുന്നില്ല.
വിമാനത്താവളത്തിലേക്കും മറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ടൗണിലാണ് വെളിച്ചമില്ലാത്തത്. തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.