വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്‌ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്.
വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് കടുവയുടെ ആക്രമണം. നാട്ടുകാരുടെ പരാതിയെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, മൂന്നാറിലെ ജനവാസ മേഖലകളിലും ഇന്ന് കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്‌റ്റേറ്റിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് സ്ഥിരമായി കടുവകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തുള്ള തോട്ടം തൊഴിലാളികളാണ് പ്രദേശത്ത് കടുവകളെ കണ്ടത്. മാസങ്ങളായി ഇവിടെ പശുക്കളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങളുണ്ട്.
കടുവകളാണ് വന്യ മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് വന അതിർത്തിയിൽ തേയിലത്തോട്ടങ്ങളോട് ചേർന്ന് കടുവകൾ സഞ്ചരിക്കുന്നത് നാട്ടുകാരുടെ കണ്ണിൽപ്പെട്ടത്.