മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Share our post

എം.എല്‍.പി.ഐ റെഡ്ഫ്‌ളാഗ് മുതിര്‍ന്ന നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു. 85 വയസായിരുന്നു. അര്‍ബുദ രോഗ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എം.എല്‍.പി.ഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററുമാണ്.

നക്‌സല്‍ നേതാവ് എ വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനായിരുന്നു. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ കൃഷ്ണന്‍ 1948ലാണ് വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വാളാടേയ്ക്ക് കുടിയേറുന്നത്. മാനന്തവാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന് എ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിളര്‍പ്പിന് ശേഷം സി.പി.ഐഎമ്മിലും അംഗമായി. സി.പി.ഐഎമ്മുമായുണ്ടായ ആശയഭിന്നതയെ തുടര്‍ന്ന് കുന്നേല്‍ കൃഷ്ണന്‍ നക്‌സല്‍ബാരി സംഘടനയുടെ ഭാഗമായി. അന്ത്യം വരെ അതേ രാഷ്ട്രീയ പാത പിന്തുടര്‍ന്ന നേതാവായിരുന്നു കുന്നേല്‍ കൃഷ്ണന്‍.

അടിയന്തരാവസ്ഥ കാലത്തും തുടര്‍ന്നും കേരളത്തില്‍ നടന്ന നക്‌സലെറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക് വഹിച്ചു. കായണ്ണ പൊലീസ് സ്റ്റേഷന്‍ അക്രമണം മുതലുള്ള സായുധ പോരാട്ടങ്ങളില്‍ നേരിട്ട് പങ്കെടുത്ത അദ്ദേഹം ജയില്‍വാസവും അനുഭവിച്ചു. വയനാട്ടില്‍ ഉള്‍പ്പെടെ ഇക്കാലത്ത് അരങ്ങേറിയ ബദല്‍ ജനകീയ സമരങ്ങളിലെല്ലാം സജീവമായി പങ്കാളിയായി. കനകയാണ് ഭാര്യ. അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍, അനിഷ, അനീഷ് എന്നിവര്‍ മക്കളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!