പേരാമ്പ്രയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സംഘർഷം: പരുക്കേറ്റവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Share our post

പേരാമ്പ്ര: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തിൽ സാരമായി പരുക്കേറ്റ യു.ഡി.എഫ് പ്രവർത്തകരെ ആസ്പത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആസ്പത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യു.ഡി.എഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പൊലീസ് നടപടിക്കെതിരെ യു.ഡി.എഫ് പ്രവർത്തകർ രംഗത്തെത്തി. പരുക്കേറ്റവരെ ആസ്പത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. നിൽക്കാൻ പോലും സാധിക്കുന്ന അവസ്ഥയിലല്ല ഇവരുള്ളത്. മുകളിൽ നിന്നുള്ള ഇടപെടൽ മൂലമാണ് പൊലീസ് സാരമായി പരുക്കേറ്റവരെ ആസ്പത്രിയിൽ പോയി കസ്റ്റഡിയിലെടുത്തത്.

അതേസമയം എൽ.ഡി.എഫ് പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചിരിക്കുകയാണ്. മുകളിൽ നിന്നുള്ള നിർദേശമായതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!