പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ; ചരിത്രനേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

ഏറ്റുമാനൂർ: പത്താമത്തെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിക്ക് ചരിത്രനേട്ടം. മസ്‌തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി എം. രാജയുടെ(38) ഹൃദയം ആലപ്പുഴയിലെ ഇരുപത്തിയാറുകാരനാണ് മാറ്റിവച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജയ്‌ക്ക് മസ്‌തിഷ്‌കമരണം സംഭവിച്ചതോടെ അവയവദാനത്തിന് ബന്ധുക്കൾ തയ്യാറാകുകയായിരുന്നു.
ബുധൻ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഹൃദയം ഏറ്റെടുത്തു. രാത്രി ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. കാര്‍ഡിയോ മയോപ്പതി കാരണം മറ്റു ചികിത്സാമാർഗങ്ങൾ ഫലപ്രദമല്ലാതിരുന്ന യുവാവിലാണ് മാറ്റിവച്ചത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. നിധീഷ്, ഡോ. മഞ്ജുഷ, ഡോ വിനീത, ഡോ. പരസ്, ഡോ. ജീവൻ, ഡോ തോമസ് എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
ഡ്രൈവറായ രാജയെ തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് വിദഗ്ധ ചികിത്സയ്ക്കായി കിംസിലെത്തിച്ചത്. ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കളെ മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. ശസ്ത്രക്രിയയിൽ ഭാഗമായ മുഴുവന്‍ ടീമിനെയും മന്ത്രി അഭിനന്ദിച്ചു. മസ്‌തിഷ്‌ക മരണ നിര്‍ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്‍ക്ക് ഏകോപനവും നടത്തിയത് സര്‍ക്കാരിന്റെ മസ്‌തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയാണ്.