പേരാവൂർ സ്റ്റേഷൻ പരിധിയിൽ 12 പ്രശ്‌ന ബാധിത ബൂത്തുകൾ; അഞ്ച് ബൂത്തുകൾക്ക് മാവോവാദി ഭീഷണി
പേരാവൂർ: സ്റ്റേഷൻ പരിധിയിൽ 12 പ്രശ്‌നബാധിത ബൂത്തുകളും മാവോവാദി ഭീഷണിയുള്ള അഞ്ച് ബൂത്തുകളുമാണുള്ളത് കോളയാട് പഞ്ചായത്തിലെ കൊമ്മേരി, പെരുവ പാലയത്തുവയൽ, പറക്കാട്, പുത്തലം യു.പി, വേക്കളം എ.യു.പി എന്നിവിടങ്ങളിലെ ബൂത്തുകൾക്കാണ് മാവോവാദി ഭീഷണിയുള്ളത്. ഇവിടങ്ങളിൽ കേന്ദ്രസേനയെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
പേരാവൂർ പഞ്ചായത്തിലെ മണത്തണ പേരാവൂർ യു.പി, മണത്തണ ഹൈസ്‌കൂൾ, നമ്പിയോട് വായനശാല, മുരിങ്ങോടി കൈരളി വായനശാല, വെള്ളർവള്ളി എൽ.പി.എസ്, കുനിത്തല ജി.എൽ.പി.എസ് എന്നിവയും കോളയാട് പഞ്ചായത്തിലെ ആര്യപ്പറമ്പ് സൺഡേ സ്‌കൂളിലെ ബൂത്തുമാണ് പ്രശ്‌നബാധിതം. ഇവിടങ്ങളിലും പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ കേന്ദ്ര സേനയെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
പോളിംഗ് സാമഗ്രികളുടെ വിതരണം
പേരാവൂർ നിയോജകമണ്ഡലത്തിലെ 158 ബൂത്തുകളുടെയും പോളിംഗ് സാമഗ്രികൾ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ തന്നെ വിതരണം ചെയ്തു. അസി.റിട്ടേണിംഗ് ഓഫീസറും കണ്ണൂർ ഡി.എഫ്.ഒ.യുമായ എസ്. വൈശാഖ്, കൂത്തുപറമ്പ് തഹസിൽദാർ (എൽ.ആർ) എം. വിജേഷ്, ഇരിട്ടി തഹസിൽദാർ ലാലിമോൾ, സീനിയർ സൂപ്രണ്ട് നന്ദകുമാർ, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം സുഗമമായി നടന്നത്.