യൂണിഫോമും പഠന സാമഗ്രികളും അനധികൃതമായി വില്ക്കുന്നു; പരാതിയുമായി വ്യാപാരികൾ

കണ്ണൂർ: എയഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും യൂണിഫോമും വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ പഠന സാമഗ്രികളും ചില അദ്ധ്യാപകരുടെയും, പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിന് വേണ്ടി അനധികൃതമായി വിൽപന നടത്തുകയാണെന്ന് വ്യാപാരികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ നിവേദനവും സമരങ്ങളും പ്രാക്ഷോഭങ്ങളും നടത്തി ബന്ധപെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഈ വർഷവും ഇത് തുടരുന്ന സ്ഥിതിയാണെന്നാണ് വ്യാപാരികൾ ഉന്നയിക്കുന്ന ആക്ഷേപം.
വ്യാപാര മേഖല വലിയ പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അനധികൃതമായി നടക്കുന്ന ഇത്തരം വ്യാപാരം അവസാനിപ്പിക്കുന്നില്ലെങ്കിൽ സ്‌കൂൾ വ്യാപാരം തടയുന്നതടക്കമുള്ള സമരത്തിലേക്ക് വ്യാപാരി സമൂഹം നിർബന്ധിതമാകുമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു.
ചുരുക്കം ചില സ്ഥലങ്ങളിൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ മുഖാന്തരമാണ് ഇവ നടക്കുന്നതെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും അദ്ധ്യാപകരും പി.ടി.എയുമാണ് ഇതിനു നേതൃത്വം നൽകുന്നത്. അയൽ സംസ്ഥനത്ത് നിന്നും
മറ്റ് ഹോൾസെയിൽ വ്യാപാരികളിൽ നിന്നും സാമ്പത്തിക താൽപര്യത്തിനു വേണ്ടി അവർക്ക് കാശു കിട്ടുന്ന നിലയിൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയിൽ യൂണിഫോം അടക്കമുള്ള സാധനങ്ങൾ വാങ്ങുവാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയും അത് പുറത്തുനിന്ന് വാങ്ങുവാൻ പാടില്ല എന്നു നിർബന്ധം പിടിക്കുകയും ചെയ്യുകയാണ് ഭൂരിപക്ഷം സ്‌കൂളുകളും ചെയ്യുന്നത്.ജില്ലാ പ്രവർത്തക കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ, ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി, എം.എ.ഹമീദ് ഹാജി, കെ.പങ്കജവല്ലി എന്നിവർ സംസാരിച്ചു. ഇത് സംബന്ധിച്ച നിവേദനം സർക്കാരിനു നൽകി.നികുതി ചോർച്ചസർക്കാർ ഖജനാവിൽ എത്തേണ്ട ജി.എസ്.ടി ഉൾപ്പെടെ നികുതിയില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും നേരിട്ടും ഏജന്റ് മുഖേനയും ബില്ലില്ലാതെയും മറ്റും കൊണ്ടുവന്ന ഇത്തരം വ്യാപാരം മൂലം സംസ്ഥാന സർക്കാരിന് വൻ നികുതി ചോർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.സ്‌കൂളുകളിൽ നടക്കുന്ന അനധികൃത വ്യാപാരം അവസാനിപ്പിച്ച് ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ വേണം.വ്യാപാരി വ്യവസായി സമിതി.