വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്; വെയിലിൽ ക്യൂ വേണ്ട, ഉച്ചയ്ക്ക് കുടയോ, തൊപ്പിയോ കരുതാം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ആവേശത്തിനും പ്രചാരണത്തിനൊടുവിൽ വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്ത് വെള്ളിയാഴ്ച വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ. 1,34,15293 പുരുഷന്മാരും 1,43,33499 സ്ത്രീകളും 367 ട്രാൻസ്ജെൻഡറുമാണ്. 5,34,394 പേർ കന്നിവോട്ടർമാരാണ്. 20 ലോക്സഭ മണ്ഡലത്തിൽ നിന്ന് 194 സ്ഥാനാർഥിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ 25 സ്ത്രീകളാണ്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). അഞ്ച് സ്ഥാനാർഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്.
25231 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കും. 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. പോളിങ് സ്റ്റേഷനിലെത്തുന്നവർക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചൂടിനെ നേരിടാൻ കുടിവെള്ളം, വെയിലിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ, സൈൻ ബോർഡുകൾ, ശുചിമുറികൾ എന്നിവയാണ് പോളിങ് ബൂത്തുകളിൽ ഉറപ്പാക്കി.
വെയിലിൽ വാടാതെ വോട്ടിടാം
പൊതുവോട്ടിങ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ നടക്കും. എന്നാൽ, വോട്ടർമാർ പരമാവധി വെയിൽ ഇല്ലാത്ത സമയങ്ങളിൽ വോട്ട് ചെയ്യാൻ ശ്രദ്ധിക്കണം. ഉച്ചയ്ക്ക് വോട്ട് ചെയ്യാൻ പോകുന്നവർ കുടയോ, തൊപ്പിയോ കരുതണം. ബൂത്തിനകത്ത് മൊബൈൽ ഫോണുകൾ, ക്യാമറകൾ, മറ്റ് ഗാഡ്ജെറ്റുകൾ അനുവദിക്കില്ല.
ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ
വോട്ടർ സ്ലിപ്പ് വോട്ട് ചെയ്യുന്നതിനുള്ള ഒറ്റപ്പെട്ട തിരിച്ചറിയൽ രേഖയല്ല. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, എം.എൻ.ആർ.ഇ.ജി.എ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്), ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ, തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ, സർക്കാർ -പൊതുമേഖല -പബ്ലിക്ക് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ ഫോട്ടോ പതിച്ച ഐഡികാർഡ്, പാർലമെന്റ് -നിയമസഭ- ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്).