അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്ന് സമ്മാനം വാങ്ങരുതെന്ന് നിര്‍ദേശം

Share our post

കൊണ്ടോട്ടി: അധ്യയനവര്‍ഷാവസാനം യാത്രയയപ്പിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാര്‍ഥികളില്‍നിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയനവര്‍ഷം ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയത്. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകളിലേക്കും ഈ നിര്‍ദേശം കൈമാറി.

അധ്യയന വര്‍ഷാവസാനദിനത്തില്‍ ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്യുന്ന പുതിയ സമ്പ്രദായത്തെക്കുറിച്ച് ‘മാതൃഭൂമി’ മാര്‍ച്ച് 31-ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടിയെടുത്തത്. സര്‍ക്കുലറില്‍ ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തുകയും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വിലകൂടിയ വസ്ത്രങ്ങള്‍, വാച്ച്, ഫ്രെയിം ചെയ്ത ഫോട്ടോകള്‍, ഫോട്ടോയുള്ള കേക്ക്, ഫോട്ടോ പതിച്ച കപ്പ്, ഗ്ലാസ് തുടങ്ങിയവയാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ സമ്മാനിക്കുന്നത്. ഇവ സ്വീകരിക്കുന്നത് പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ റീല്‍സായി പ്രചരിപ്പിക്കുന്നതും ‘സ്റ്റാറ്റസ്’ വെക്കുന്നതും അധ്യാപകര്‍ക്കിടയില്‍ പതിവാണ്. മുമ്പ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം നിലനിന്നിരുന്ന ഈ കീഴ്വഴക്കം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും വ്യാപിച്ചത്. നാട്ടിന്‍പുറങ്ങളിലെ എല്‍.പി. സ്‌കൂളുകളിലും കഴിഞ്ഞ അധ്യയനവര്‍ഷാവസാനം ഉപഹാരവിതരണം വ്യാപകമായിരുന്നു.

സ്‌കൂളിലെ യാത്രയയപ്പ്: കുട്ടികള്‍ അധ്യാപകര്‍ക്ക് നല്‍കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങള്‍, വിവാദം

ഇതു വിദ്യാര്‍ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും മത്സരവും അപകര്‍ഷതയും വേര്‍തിരിവും വളര്‍ത്തുന്നതാണെന്നാണു പരാതി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ, അന്യരില്‍നിന്ന് യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബാംഗങ്ങളില്‍ ആരേയും അവ വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണു ചട്ടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!