മുതിർന്ന പൗരന്മാരെ ചേർത്തുനിർത്തി കേരളം; ഇവിടെയുണ്ട് വയോജന നയവും കരുതലും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വ്യാജവാഗ്‌ദാനങ്ങളിലൂടെ മുതിർന്ന പൗരന്മാരെ കബളിപ്പിക്കുമ്പോൾ അവരെ ചേർത്തുനിർത്തി കേരളം. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആദ്യമായി വയോജന നയം നടപ്പാക്കിയ കേരളം വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. വയോജന പെൻഷൻ 65 രൂപയിൽനിന്ന് ഘട്ടംഘട്ടമായി 1600 രൂപയാക്കി വർധിപ്പിച്ചു. കോർപറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യപരിരക്ഷയും സൗജന്യ മരുന്ന് വിതരണവും നടത്തുന്ന വയോമിത്രം പദ്ധതിയും കേരളത്തിലുണ്ട്.
വയോജനങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കാനായി ആരംഭിച്ച വയോപോഷണം, സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്ന വയോഅമൃതം, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന 60 പൂർത്തിയായ പൗരന്മാർക്ക് പല്ല് സെറ്റ് സൗജന്യമായി നൽകുന്ന മന്ദഹാസം, 60 പൂർത്തിയായ ബിപിഎൽ വിഭാഗത്തിൽപ്പെട്ട പൗരന്മാർക്ക് പ്രമേഹരോഗം പരിശോധിക്കുന്നതിനുള്ള വയോമധുരം, ജില്ലാ ആയുർവേദ ആശുപത്രികളിൽ സൗജന്യ കിടത്തിച്ചികിത്സ, അൽഷിമേഴ്സ് രോഗികളുടെ പരിചരണത്തിന് പുനരധിവാസം, ഡിമെൻഷ്യ, അൽഷിമേഴ്സ് മെമ്മറി സ്‌ക്രീനിങ് ക്ലിനിക് എന്നിവയും കേരളം നടപ്പാക്കുന്നു. സംസ്ഥാനത്ത് പ്രത്യേക ഡിമെൻഷ്യ നയം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷനെ ഡിമെൻഷ്യ സൗഹൃദ നഗരമായി പ്രഖ്യാപിച്ചു. ശയ്യാവലംബികളായ വയോജനങ്ങളെ പരിചരിക്കുന്നവർക്ക് 600 രൂപ പെൻഷനും നൽകുന്നു.
ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള മുതിർന്ന പൗരൻമാർക്ക് അടിയന്തിരഘട്ടത്തിൽ 25,000 രൂപ നൽകുന്ന വയോരക്ഷ പദ്ധതി രണ്ടാം പിണറായി സർക്കാർ തുടങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം സംസ്ഥാന സർക്കാർ അനുഭാവപൂർവം പരിഗണിക്കാറുണ്ടെന്നും കേന്ദ്രത്തിൽനിന്ന് അവഗണനയാണെന്നും ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ പറഞ്ഞു.
വ്യാജ വാഗ്‌ദാനങ്ങൾ നൽകി ജനസംഖ്യയുടെ 22 ശതമാനംവരുന്ന മുതിർന്ന പൗരന്മാരെ കേന്ദ്ര സർക്കാർ കബളിപ്പിക്കുകയാണ്. വയോജന പെൻഷൻ 5000 രൂപയാക്കി കുടിശ്ശികയില്ലാതെ നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മോദി സർക്കാർ പരിഗണിച്ചിട്ടില്ല.