സിംഗിൾ ഡ്യൂട്ടി 50 ശതമാനമാക്കാൻ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ ബസ് ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി പരീക്ഷിക്കാൻ ആലോചന. മെയ് മുതൽ നടപ്പാക്കിയേക്കും. ഡിപ്പോകളിലെ 50 ശതമാനം ഷെഡ്യൂളുകളിൽ മാത്രമാകും സിംഗിൾ ഡ്യൂട്ടി. ഷെഡ്യൂളുകളും ജീവനക്കാരെയും യൂണിറ്റ് അധികാരികളും യൂണിയൻ പ്രതിനിധികളും ചേർന്ന് തീരുമാനിക്കണം.
ഈ മാസം അവസാനത്തോടെ ഏതൊക്കെ ഡിപ്പോകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന് അറിയിക്കാൻ നിർദേശം നൽകി. ജീവനക്കാർക്ക് അർഹമായ വിശ്രമം അനുവദിക്കുക, അപകടനിരക്ക് കുറയ്‌ക്കുക എന്നിവയും പുതിയ തീരുമാനത്തിന്റെ പിന്നിലുണ്ട്. സിംഗിൾ ഡ്യൂട്ടി എടുക്കുന്നവർ 26 പ്രവൃത്തി ദിനങ്ങളിലും ട്രിപ്പിൾ ഡ്യൂട്ടി എടുക്കുന്നവർ 13 ദിവസവും ഒന്നര ഡ്യൂട്ടി എടുക്കുന്നവർ 20 ദിവസവും ജോലിക്കെത്തണം. ദീർഘദൂര ബസുകളിൽ ക്രൂ ചെയ്‌ഞ്ചിങ്ങിനും ആലോചനയുണ്ട്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലഭ്യതയ്‌ക്ക് അനുസരിച്ചാകുമിത്. ഇതിന്റെ ഭാഗമായി ഡിപ്പോകളിലെ വിശ്രമ സൗകര്യം മെച്ചപ്പെടുത്തും.
പുതിയ നിർദേശങ്ങളിൽ എതിർപ്പില്ലെന്നും യൂണിയൻ പ്രതിനിധികളുമായി ചർച്ച ചെയ്‌തശേഷമേ തീരുമാനം നടപ്പാക്കൂവെന്നും കെ.എസ്.ആർ.ടി.ഇഎ (സിഐടിയു) ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ പറഞ്ഞു.