രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Share our post

കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി തള്ളി.

മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലും രഞ്ജിത്ത് തോമസുമാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങള്‍ രാജീവ് നല്‍കിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖര്‍ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം മറച്ചു വച്ചുവെന്നു പരാതി നല്‍കിയെങ്കിലും വരണാധികാരി ഇതിന്റെ സൂക്ഷ്മത പരിശോധിക്കാതെയാണ് പത്രിക സ്വീകരിച്ചതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഇല്ലെന്ന് വ്യക്തമാക്കിയാണ് പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ച സാഹചര്യത്തില്‍ പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുകയാണ് ഇക്കാര്യത്തില്‍ പോംവഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കികൊണ്ടാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ വി.ജി.അരുണ്‍, എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

രാജീവ് ചന്ദ്രശേഖറിനെതിരെ പ്രാഥമിക തെളിവുണ്ടായിട്ടും തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ നടപടിയെടുത്തില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തും. രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങളിലെ വസ്തുത പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!