കളരിപ്പയറ്റ് പഠിക്കാനെത്തിയ ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കളരിയാശാന് പത്ത് വര്‍ഷം കഠിനതടവ്

Share our post

കൊച്ചി: ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കളരിയാശാന് 10 വര്‍ഷം കഠിന തടവും പിഴയും. നടമ എരൂര്‍ സ്വദേശി എം.ബി. സെല്‍വരാജിനെ (43) യാണ് എറണാകുളം പോക്‌സോ കോടതി പത്ത് വര്‍ഷം തടവിനും 2.85 ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ആകെ 64 വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് പത്ത് വര്‍ഷം അനുഭവിച്ചാല്‍ മതി.

2016 ഓഗസ്റ്റ് മുതല്‍ 2017 ജൂലായ് വരെ പലപ്പോഴായി കുട്ടിയെ പ്രതി ഉപദ്രവിച്ചെന്നാണ് കേസ്. മാതാപിതാക്കള്‍ കളരിപ്പയറ്റ് പഠിപ്പിക്കുന്നതിനായി കുട്ടിയെ സെല്‍വരാജ് നടത്തുന്ന കളരിയില്‍ ചേര്‍ത്തപ്പോഴായിരുന്നു സംഭവം.

സ്വയം പ്രതിരോധിക്കാനുള്ള പ്രാപ്തി പെണ്‍കുട്ടികള്‍ നേടാനാണ് കളരി ആശാന്മാരെ വിശ്വസിച്ച് അവരെ കളരികളില്‍ ചേര്‍ക്കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള കളരിയാശാന്‍ തന്നെ മാതാപിതാക്കളുടെ വിശ്വാസം മുതലെടുത്ത് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നതു മാപ്പര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പറഞ്ഞത്. ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി പി.എ. ബിന്ദു ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!