ഇത്തിരി സ്‌ക്രാച്ചുകള്‍ ഓഫറുകള്‍ ചറപറാ; ജാഗ്രത വേണമെന്ന് കേരള പൊലീസ്

Share our post

വിവിധതരം തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് എല്ലായ്പ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തവണയും അതുപോലൊരു തട്ടിപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ്.

ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാര വിലക്കും ഓണ്‍ലൈനായി വില്‍ക്കുന്നു എന്നുള്ള ഓഫറുകള്‍ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു.

പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാന്‍സ് പേജ് അല്ലെങ്കില്‍ ക്ലബ് എന്ന രീതിയിൽ ആയിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്.

ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തിരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനന തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി ലിങ്കുകളും അയച്ചു കൊടുക്കുന്നു.

വിശ്വാസം നേടിയെടുക്കന്നതിനായി മുമ്പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജ ഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാര്‍ഷികം, നൂറാം വാര്‍ഷികം എന്നൊക്കെ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരുപക്ഷെ ആ കമ്പനി അമ്പത് വര്‍ഷം പോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുതയെന്നും പൊലീസ് പറയുന്നു.

ഇത്തരം ഓഫറുകളില്‍ പോയി തലവച്ചു കൊടുക്കരുതെന്നും ഇത്തരം വിവരങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിവരങ്ങള്‍ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!