കൊട്ടിയൂർ ഉത്സവം ഹരിതോത്സവമാക്കും

കൊട്ടിയൂർ : മേയിൽ ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖമഹോത്സവം “ഹരിതോത്സവം” ആയി നടത്താൻ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്, മിഷൻ മേധാവികളുടെ യോഗം തീരുമാനിച്ചു.ഉത്സവ നഗരിയിൽനിന്നും ഹരിതകർമസേന വഴി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കാൻ എം. സി.എഫിന്റെ നിർമാണം ഈ ആഴ്ച തുടങ്ങും. ജൈവ മാലിന്യം സംസ്‌ക്കരിക്കാൻ കുഴി കമ്പോസ്റ്റ് യൂണിറ്റും പണിയും. അക്കരെ കൊട്ടിയൂർ, നടുക്കുനി, ഇക്കരെ കൊട്ടിയൂർ, മന്ദംചേരി എന്നിവിടങ്ങളിലായി 40 ബ്ലോക്ക് ടോയ്‌ലറ്റുകൾ ശുചിത്വമിഷന്റെ സഹായത്താൽ നിർമ്മിക്കും.
ഒറ്റതവണ പ്ലാസ്‌റ്റിക് നിരോധനം കർശനമായി നടപ്പാക്കും.കച്ചവട സ്ഥാപനങ്ങളും ഉത്സവ നഗരിയും ഹരിത പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കും. ജില്ലാ ശുചിത്വ എൻഫോഴ്സ് ടീമിന്റെയും, പഞ്ചായത്ത് വിജിലൻസ് ടീമിന്റെയും പരിശോധനയും ഉണ്ടാകും.
ദേവസ്വം പരിധിയിലുള്ള മുഴുവൻ കുടിവെള്ള കിണറുകളിലെ വെള്ളം പരിശോധനക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കും. അക്കരെ ക്ഷേത്ര പറമ്പിൽ ഒരു കിണർ കൂടി നിർമ്മിക്കും, കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയോഗിക്കുകയും,പാഴ് വസ്തു ശേഖരണത്തിനായി എല്ലായിടത്തും ബിന്നുകൾ സ്ഥാപിക്കുകയും ചെയ്യും. മുഴുവൻ കച്ചവടസ്ഥാപനങ്ങളിലും ജൈവം,അജൈവം പാഴ് വസ്തുക്കൾ വേർതിരിച്ച് സൂക്ഷിക്കാൻ ബിന്ന് സ്ഥാപിക്കണമെന്ന് കർശന നിർദ്ദേശം നൽകും.
ദേവസ്വം ചെയർമാൻ കെ.സി സുബ്രമണ്യൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ.സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ അസി. കോർഡിനേറ്റർ കെ. ആർ. അജയകുമാർ,പഞ്ചായത്ത് അസി. സെക്രട്ടറി രമേശ് ബാബു കൊയിറ്റി, ഹെൽത്ത് ഇൻസ്പെക്ടർ എം. ടി.റോയ്, ദേവസ്വം എക്‌സികുട്ടീവ് ഓഫീസർ കെ.ഗോകുൽ തുടങ്ങിയവർ സംബന്ധിച്ചു.ദേവസ്വം മാനേജർ കെ. നാരായണൻ, എഞ്ചിനിയർ സി.ജി. മനോജ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ട്രെസ്റ്റി എൻ. പ്രശാന്ത്, ജെ.എച്. ഐ. ആനന്ദ് എന്നിവർ സംസാരിച്ചു.