കേരളത്തിലെ ജീവനക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ റെയിൽവേ

തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ ജീവനക്കാർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം നൽകാതെ ദക്ഷിണ റെയിൽവേ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെയിൽവേ ഡിവിഷനുകളിലെ ടി.ടി.ഇ.മാർക്കും കൊമേഴ്‌സ്യൽ ക്ലർക്കുമാർക്കും 22 മുതൽ 27 വരെ റിഫ്രെഷർ ക്ലാസ് ഏർപ്പെടുത്തുകയായിരുന്നു. കേരളത്തിൽ 26നാണ് വോട്ടെടുപ്പ്. ആദ്യം 19 മുതലാണ് ക്ലാസുകൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നത്.
തമിഴ്‌നാട് ഡിവിഷനുകളിലെ ജീവനക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീട് തീയതി മാറ്റി. കഴിഞ്ഞമാസം തന്നെ പൊതുതെരഞ്ഞെടുപ്പ് തീയതി വന്നിരുന്നു. എന്നിട്ടും പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ജീവനക്കാർക്ക് വോട്ടുചെയ്യാനായി തീയതി നീട്ടിയില്ല. തിരുച്ചിറപ്പള്ളിയിലെ സോണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് റിഫ്രെഷർ കോഴ്‌സ് നടത്തുന്നത്.
കേരളത്തിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് തീയതി അതിന് അനുസരിച്ച് മാറ്റണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിന് ജോൺ ബ്രിട്ടാസ് എം.പി കത്തയച്ചു.